റഫറിയിങ്‌ പിഴവ്‌; മത്സരം പൂർത്തിയാക്കാതെ കളം വിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ബംഗളൂരു, മാർച്ച്‌ 3: ഐഎസ്‌എല്ലിൽ റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ ഓഫിൽ അധിക സമയംവരെ പോരാടിയ ബ്ലാസ്‌റ്റേഴ്‌സിനെതിരെ‌ ബംഗളൂരു നേടിയ ഗോൾ വിവാദമായതോടെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടത്. റഫറിയുടെ മോശം തീരുമാനമായിരുന്നു ഗോളിന്‌ കാരണം. സുനിൽ ഛേത്രിയാണ്‌ അധിക സമയത്തിന്റെ ആദ്യപകുതിയിൽ ബംഗളൂരുവിനായി ഗോളടിച്ചത്‌. ഇത് കേരള ബ്ലാസ്റ്റേഴ്സ് ചോദ്യം ചെയ്തെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് താരങ്ങളെ മൈതാനത്ത് നിന്ന് പിൻവലിക്കുകയായിരുന്നു.

 

മാറ്റങ്ങൾ വരുത്തിയാണ്‌ ഇവാൻ വുകോമനോവിച്ച്‌ ബംഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയത്‌. നിഷു കുമാറും വിക്ടർ മോൻഗിലും തിരിച്ചെത്തി. മാർകോ ലെസ്‌കോവിച്ചും ജെസെൽ കർണെയ്‌റോയും തുടർന്നപ്പോൾ ഹോർമിപാം പകരക്കാരിലായി. മധ്യനിരയിൽ ആയുഷ്‌ അധികാരി, സഹൽ അബ്‌ദുൾ സമദ്‌, ബ്രൈസ്‌ മിറാൻഡ, ഇവാൻ കലിയുഷ്‌നി എന്നിവർ ഇറങ്ങിയില്ല. കെ പി രാഹുൽ, ജീക്‌സൺ സിങ്‌, ഡാനിഷ്‌ ഫറൂഖ് എന്നിവരെത്തി. അഡ്രിയാൻ ലൂണ തുടർന്നു. മുന്നേറ്റത്തിൽ ദിമിത്രിയോസ്‌ ഡയമന്റാകോസും. ഗോൾവലയ്‌ക്ക്‌ മുന്നിൽ പ്രഭ്‌സുഖൻ സിങ്‌ ഗിൽ.

 

ബംഗളൂരുവിനായി ഗുർപ്രീത്‌ സിങ്‌ സന്ധു ഗോൾവലയ്‌ക്ക്‌ മുന്നിൽനിന്നു. പ്രതിരോധത്തിൽ സന്ദേശ്‌ ജിങ്കൻ, അലെക്‌സാണ്ടർ ജൊവാനോവിച്ച്‌, റോഷൻ നവോറെം, പ്രബീർ ദാസ്‌. മധ്യനിരയിൽ രോഹിത്‌ കുമാർ, ഹാവിയെർ ഹെർണാണ്ടസ്‌, സുരേഷ്‌ വാങ്‌ജം, ബ്രൂണോ സിൽവ. മുന്നേറ്റത്തിൽ റോയ്‌ കൃഷ്‌ണയും ശിവ നാരായണനും.

 

കളിയുടെ പതിനൊന്നാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ജെസെലിന്റെയും ലൂണയുടെയും മികവിൽ മുന്നേറി. എന്നാൽ റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. ബംഗളൂരു റോയ്‌ കൃഷ്‌ണയിലൂടെ മുന്നേറ്റങ്ങൾ നടത്തി. ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം കടുപ്പിച്ചു. റോയ്‌ കൃഷ്‌ണയുടെ ഗോൾശ്രമത്തെ വരയിൽവച്ച്‌ ജെസെൽ ഹെഡ്‌ ചെയ്‌ത്‌ ഒഴിവാക്കുകയായിരുന്നു. ഒരു തവണ റോയ്‌ കൃഷ്‌ണയുടെ മികച്ചൊരു നീക്കം ഗിൽ ഒറ്റക്കാലുകൊണ്ട്‌ തടഞ്ഞു. പ്രബീറിന്റെ ക്രോസിൽനിന്നുള്ള അപകടവും പ്രതിരോധം ഒഴിവാക്കി. പിന്നാലെ ലൂണയുടെ മികച്ച നീക്കം ജിങ്കൻ തടഞ്ഞു.

 

32–-ാം മിനിറ്റിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ഏറ്റവും മികച്ച അവസരം കിട്ടിയത്‌. ലൂണയുടെ ക്രോസ്‌ ബംഗളുരു ഗോൾ മുഖത്ത്‌ തട്ടിത്തെറിച്ചു. മോൻഗിലിന്റെ കാലിലാണ്‌ കിട്ടിയത്‌. എന്നാൽ ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

രണ്ടാംപകുതിയിൽ ബംഗളൂരു ഗോളെന്നുറച്ച ഷോട്ട്‌ ഗിൽ അതിസാഹസികമായി തട്ടിയകറ്റുകയായിരുന്നു. സുരേഷിന്റെ ലോങ്‌ റേഞ്ച്‌ ഷോട്ടിനെയാണ്‌ ഒറ്റക്കൈ കൊണ്ട്‌ തട്ടിയകറ്റിയത്‌. 64–-ാം മിനിറ്റിൽ ഗിൽ പന്ത്‌ കൈപ്പിടിയിലൊതുക്കുന്നതിനിടെ രോഹിത്‌ കുതിച്ചെത്തി. എന്നാൽ ഗില്ലിനൊപ്പം ജെസെലും ചേർന്ന്‌ അപകടമൊഴിവാക്കി. 70–-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യം മാറ്റം വരുത്തി. ഡാനിഷിന്‌ പകരം സഹൽ എത്തി. പിന്നാലെ ബോക്‌സിന്‌ തൊട്ടുപിന്നിൽനിന്ന്‌ കിട്ടിയ അവസരം നിഷുകുമാർ ബാറിന്‌ മുകളിലൂടെ പറത്തി. 74–-ാംമിനിറ്റിൽ സഹലിന്റെ ക്രോസ്‌ വലയുടെ അരികിൽതട്ടി.

76–-ാം മിനിറ്റിൽ പരിക്കേറ്റ ജെസലിന്‌ പകരം ആയുഷും കളത്തിലെത്തി. അവസാന ഘട്ടങ്ങളിൽ കളിമുറുകി. 85–-ാം മിനിറ്റിൽ രാഹുലിന്റെ തകർപ്പൻ ക്രോസിൽ ലൂണ തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. സഹലിന്റെ ക്രോസും ലക്ഷ്യം കാണാതെ പറന്നു. 90–-ാം മിനിറ്റിൽ ലൂണയുടെ ഹെഡറും വല കണ്ടില്ല. അവസാന നിമിഷം ലെസ്‌കോച്ചിന്റെ അളന്നുമുറിച്ച പാസ്‌ രാഹുൽ വലയിക്കാൻ നോക്കിയെങ്കിലും സന്ധു പിടിച്ചെടുത്തു.

 

ഇതോടെ കളി എക്‌സ്‌ട്രാ ടൈമിലേക്ക്‌ നീണ്ടു.

എക്‌സ്‌ട്രാ ടൈമിന്റെ ആദ്യ മിനിറ്റിൽതന്നെ രാഹുലിന്റെ ക്രോസ്‌ ലൂണയുടെ കാലിൽതട്ടിത്തെറിച്ചു. എന്നാൽ 97–-ാംമിനിറ്റിൽ സുനിൽ ഛേത്രിയുടെ ഫ്രീകിക്കിൽ ബംഗളൂരു സെമിയിൽ കടന്നു. റഫറിയുടെ വിസൽ മുഴങ്ങുന്നതിന്‌ മുമ്പായിരുന്നു ഛേത്രി കിക്ക്‌ എടുത്തത്‌. ഗോൾ കീപ്പർ ഗിൽവരെ ഒരുങ്ങിയിരുന്നില്ല. എന്നാൽ റഫറി ഗോൾ അനുവദിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങൾ കളംവിട്ടു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
25

Leave a reply