“കപ്പടിക്കുമോ കൊമ്പന്മാർ?” കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ സ്‌ക്വാഡ് പരിശോധിക്കാം.

ഐഎസ്എൽ പൂരം കൊടിയേറാൻ ഇനി കേവലം ദിവസങ്ങൾ മാത്രമേയുള്ളു. നാടും നഗരവും ഒരുപോലെ ഉത്സവലഹരിയിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് വർഷങ്ങൾക്കുശേഷം തിരികെ കൊച്ചിയിലേക്കെത്തുന്നതിന്റെ ത്രില്ലിലാണ് മഞ്ഞപ്പടകൂട്ടം. കഴിഞ്ഞ തവണ കയ്യെത്തും ദൂരത്തുനിന്ന് കൈവിട്ട കപ്പ്‌ ഇത്തവണ കൊച്ചിയുടെ മണ്ണിലേക്കെത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് ഏവരും!!

 

ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ കളിച്ച ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ കളിച്ച ഫൈനലുകളിലെല്ലാം കണ്ണീരണിയാനായിരുന്നു കൊമ്പന്മാരുടെ വിധി. സെമിയിലേക്ക് യോഗ്യത നേടാത്ത സീസണുകളിലാകട്ടെ ശരാശരിയിൽ താഴെ മാത്രം പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പിൽ കുറഞ്ഞൊന്നും ലക്ഷ്യം വയ്ക്കില്ല എന്നുറപ്പാണ്. ഐഎസ്എല്ലിന്റെ ഏറ്റവും പുതിയ പതിപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ആരൊക്കെയുണ്ടാകും, അവരുടെ സാദ്ധ്യതകൾ എങ്ങനെ എന്നൊക്കെ വിശദമായി പരിശോധിക്കാം.

 

1) ഗോൾകീപ്പർമാർ

 

ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന മേഖലയാണ് ഗോൾകീപ്പിങ്. യുവത്വത്തിന്റെയും പരിചയസമ്പന്നതയുടെയും മിശ്രണമാണ് കൊമ്പന്മാരുടെ വലകാക്കാൻ പോകുന്നത്. ഐഎസ്എൽ എട്ടാം സീസണിലെ ഗോൾഡൻ ഗ്ലോവ് വിജയി പ്രഭ്സുഖൻ സിംഗ് ഗില്ലാണ് ഇതിൽ പ്രധാനി. ആൽബിനോ ഗോമസിനേറ്റ പരിക്കാണ് കഴിഞ്ഞ വർഷം ഗില്ലിന് തുണയായത്. ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ ആൽബിനോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗിൽ പിന്നീട് തിരികെ കേറുന്നത് 20 കളികളിൽനിന്ന് 7 ക്ലീൻഷീറ്റും കൊണ്ടാണ്. 21 ഗോളുകൾ മാത്രമേ വഴങ്ങിയുള്ളു താനും. ഗില്ലിനോടൊപ്പം ഏറെ പരിചയസമ്പന്നനും രണ്ട് തവണ ഐഎസ്എൽ ചാമ്പ്യനുമായ കരൺജീത് സിംഗ് കൂടിയുണ്ട്. ഇവരെ കൂടാതെ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്പ്മെന്റ് ലീഗിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട സച്ചിൻ സുരേഷും ഒപ്പം റിസേർവ് ടീമിൽ നിന്ന് മുഹീതും കൂടെയെത്തുമ്പോൾ കൊമ്പന്മാരുടെ കാവൽനിര പൂർത്തിയാകും. കഴിഞ്ഞ വർഷം കെപിഎല്ലിലും പിന്നീട് നടന്ന ഡ്യുറന്റ് കപ്പിലും കേരളത്തിന്റെ വലകാത്തത് സച്ചിനായിരുന്നു. മുഹീത്താകട്ടെ 2020ൽ ബ്ലാസ്റ്റേഴ്‌സ് കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായപ്പോൾ മുതൽ ടീമിനോപ്പമുള്ള താരമാണ്.

 

2) പ്രതിരോധം

 

മുൻവർഷത്തെ ഐഎസ്എല്ലിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഫൈനൽ വരെയുള്ള കുതിപ്പിൽ പ്രതിരോധനിര നൽകിയ സംഭാവന ഒട്ടും ചെറുതായിരുന്നില്ല. ഒരു ഗോളടിച്ചാൽ രണ്ടെണ്ണം വാങ്ങിക്കും എന്നുള്ള പതിവ് രീതിയിൽ നിന്ന് മാറി ആ ഒരുഗോൾ ലീഡ് നിലനിർത്തിപ്പോരുന്ന കാഴ്ച നമ്മൾ കഴിഞ്ഞ സീസണിൽ കണ്ടു. യുവതാരങ്ങൾക്കൊപ്പം പരിചയസമ്പന്നരും കൂടെചേരുന്നതാണ് ഡിഫെൻസും. കഴിഞ്ഞ തവണത്തെ പ്രധാനതാരങ്ങളായ ഹോർമിപാം റുയ്വ, നിഷു കുമാർ, ജെസ്സൽ കാർനെയ്റോ, ഹർമൻജോത് സിംഗ് ഖബ്ര, സന്ദീപ് സിംഗ്, ബിജോയ്‌ വർഗീസ്, മാർക്കോ ലെസ്‌കോവിച് എന്നിവരെ നിലനിർത്തുന്നതിനോടൊപ്പം വിക്ടർ മോങ്കിൽ എന്ന സ്പാനിഷ് താരത്തെ ടീമിലെത്തിക്കുക കൂടെ ചെയ്തിട്ടുണ്ട് ബ്ലാസ്റ്റേഴ്‌സ്. ഡിഫെൻഡർ എന്നതിലുപരി ഡിഫെൻസീവ് മിഡ്‌ഫീൽഡർ റോളിലും കളിക്കാൻ കഴിയുന്ന താരമാണ് വിക്ടർ. വിക്ടറിനൊപ്പം ലെസ്കോവിച് എത്തുമോ അതോ കഴിഞ്ഞ തവണത്തെ പോലെ ലെസ്‌കോ-ഹോർമി ദ്വയം കാണാൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ക്രൊയേഷ്യൻ താരമായ ലെസ്‌കോവിച് മികച്ച ഡിഫെൻഡർ എന്നതിലുപരി നല്ലൊരു ലീഡർ കൂടിയാണ്. കഴിഞ്ഞതവണത്തെ പ്രകടനം ആവർത്തിക്കാൻ പ്രതിരോധനിരയ്ക്ക് കഴിഞ്ഞാൽ തീർച്ചയായും ബ്ലാസ്റ്റേഴ്സിനതൊരു മുതൽകൂട്ടാവും.

 

3) മധ്യനിര

 

ഏറ്റവും കൂടുതൽ താരങ്ങൾ ഏത് വിഭാഗത്തിലാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം മധ്യനിര എന്നായിരിക്കും. മുൻപിലേക്ക് അറ്റാക്ക് നയിച്ചുകൊണ്ടുപോകുന്ന അതേപോലെ തന്നെ പിന്നിലെ പ്രതിരോധത്തിന് പിന്തുണ കൊടുക്കേണ്ടുന്നതും മിഡ്‌ഫീൽഡാണ്. ഡിഫെൻസീവ് മിഡ്‌ഫീൽഡിൽ പുതിയ വിദേശ താരം, ഉക്രൈനിൽ നിന്നുള്ള ഇവാൻ കലൂഷ്നിയെ പറ്റിയാണ് എടുത്തുപറയേണ്ടുന്നത്. പ്രീസീസണിലെ അദേഹത്തിന്റെ മികച്ച പ്രകടനം എല്ലാവരെയും സന്തോഷിപ്പിച്ചിട്ടുണ്ട്. ഐഎസ്എല്ലിലും അത്തരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ ടീമിന് ഗുണം ചെയ്യും. അതെ പൊസിഷനിൽ ഇവാന് കൂട്ടായി ജീക്സൺ സിംഗും പുട്ടിയയും ഒപ്പം ആയുഷ് അധികാരിയുമുണ്ട്. മുൻപത്തെ സീസണിൽ ബ്ലാസ്റ്റേർസിനെ ഏറ്റവുമധികം സഹായിച്ച ഒന്നായിരുന്നു പുട്ടിയ-ജീക്സൺ കൂട്ടുകെട്ട്. അവസരങ്ങൾ കുറവായിരുന്നെങ്കിൽ കൂടി കളിക്കാൻ ഇറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ആയുഷും കൂടെയുണ്ട്. നെക്സ്റ്റ്ജൻ കപ്പിൽ കളിച്ചുനേടിയ അറിവുകൾകൂടെ ടീമിനായി ഉപയോഗിക്കാൻ ജീക്സണിനും ആയുഷിനും കഴിഞ്ഞാൽ ടീമിനത് ഒരുപാട് ഉപകാരപ്പെടും.

 

എടുത്തുപറയേണ്ടുന്ന മറ്റൊരു താരമാണ് ഗിവ്സൺ സിംഗ്. ഇന്ത്യൻ ആരോസിനായി മികച്ച പ്രകടനം പുറത്തെടുത്ത ഗിവ്സൺ ഏഴാം സീസണിലാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞകുപ്പായത്തിലെത്തുന്നത്. പ്ലെയിങ് ടൈം കുറവാണ് ലഭിച്ചതെങ്കിലും പ്രതിഭയ്ക്ക് ഒട്ടും കുറവില്ലാത്ത താരമാണ് ഗിവ്സൺ. ഒപ്പം മലയാളിതാരം വിബിൻ മോഹനനും കൂടെയുണ്ട്. ഇന്ത്യൻ U20 ടീമിന്റെ ഭാഗമായി സാഫ് കപ്പിൽ കളിച്ചിട്ടുള്ള വിബിൻ സാഫ് ചാമ്പ്യൻ കൂടിയാണ്. ഇന്ത്യൻ ആരോസിനൊപ്പം 29 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ താരം അവർക്കായി ഒരു ഗോളും നേടിയിട്ടുണ്ട്. സെൻട്രൽ മിഡ്‌ഫീൽഡർ റോളിൽ കളിക്കാൻ ഇഷ്ടപെടുന്ന താരം പ്രതിരോധനിരയെ സഹായിക്കാറുമുണ്ട്. ബ്ലാസ്റ്റേഴ്സിനായി ഇക്കഴിഞ്ഞ ഡ്യുറന്റ് കപ്പിലും വിബിൻ കളിച്ചിട്ടുണ്ട്.

 

അറ്റാക്കിങ്ങിലെ കരുത്ത് മാന്ത്രികൻ എന്നുവിളിക്കുന്ന ക്യാപ്റ്റൻ കൂടിയായ അഡ്രിയാൻ ലൂണയാണ്. ബ്ലാസ്റ്റേഴ്സിനായി ലൂണ പുറത്തെടുത്ത കിടിലം ഗോളുകളും അസ്സിസ്റ്റുകളുമൊന്നും ആരാധകർ മറന്നുകാണാൻ ഇടയില്ല. ലൂണയ്ക്കൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സഹൽ അബ്ദുൽ സമദും കൂടെയുണ്ട്. ഇന്ത്യൻ ഇന്റർനാഷണലായ സഹലിന്റെ ഏറ്റവും മികച്ച സീസൺ ഐഎസ്എല്ലിന്റെ എട്ടാം പതിപ്പ് ആയിരുന്നു. സെമിഫൈനലിലെ അതിപ്രധാനമായ ഗോളുൾപ്പടെ 6 ഗോളുകളാണ് സഹൽ കഴിഞ്ഞ തവണ ടീമിനായി നേടിയത്.

 

ഇവർ രണ്ടുപേരോടുമൊപ്പം മറ്റൊരു ഇന്ത്യൻ ഇന്റർനാഷണലായ രാഹുൽ കെ.പിയുണ്ട്. വിങ്ങറായും, ഫോർവേർഡായും, സ്ട്രൈക്കറായുമെല്ലാം കളിക്കാൻ കഴിയുന്ന രാഹുൽ ടീമിന് പ്രദാനം ചെയ്യുന്നത് വേഴ്‌സറ്റാലിറ്റിയാണ്. രാഹുലിനെ കൂടാതെ വിങ്ങിൽ കളിക്കാൻ കഴിയുന്ന മറ്റുതാരങ്ങളാണ് സൗരവ് മണ്ടാലും, ബ്രയ്സ് മിറാണ്ടയും. ഐലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദർസിൽ നിന്നാണ് ഇരുവരും ബ്ലാസ്റ്റേർസിലേക്ക് എത്തിയിരിക്കുന്നത്

 

4) മുന്നേറ്റനിര

 

രണ്ട് വിദേശതാരങ്ങളും ഒരുപിടി മികച്ച ഇന്ത്യൻ താരങ്ങളുമാണ് കൊമ്പന്മാരുടെ മുന്നേറ്റത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ-ഗ്രീക്ക് താരമായ അപ്പോസ്തലോസ് ജിയാന്നുവും ഗ്രീസിൽ നിന്നുള്ള ദിമിത്രിയോസ് ഡയമന്റക്കോസുമാണ് പുതിയ വിദേശതാരങ്ങൾ. ഏറെ പരിചയസമ്പന്നരാണ് ഇരുവരും. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിലൂടെ വളർന്നുവന്ന താരമാണ് ദിമിത്രിയോസ്. ജിയാന്നുവാകട്ടെ PAOK, പ്ലറ്റനിയാസ് തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള കളിക്കാരനാണ്. ഇരുവരും ഗ്രീസിൽ നിന്നാണ് എന്നുള്ളതുകൊണ്ടുതന്നെ അന്യോന്യമുള്ള ധാരണയും മറ്റും ടീമിനുപകാരപ്പെടും.

 

ഈ രണ്ട് വിദേശതാരങ്ങൾ കൂടാതെ ബംഗളുരു എഫ്സിയിൽ നിന്ന് വായ്പ അടിസ്ഥാനത്തിലെത്തിയ ബിദ്യാഷാഗർ സിംഗുമുണ്ട്. 2020-21 ഐലീഗിലെ ഗോൾഡൻ ബൂട്ട് നേടിയ താരമാണ് ബിദ്യ. ബിദ്യയെക്കൂടാതെ റിസേർവ് ടീമിൽ നിന്നുള്ള നിഹാലും എം.എസ് ശ്രീക്കുട്ടനും ബ്ലാസ്റ്റേഴ്സിന്റെ UAE പര്യടനത്തിൽ ടീമിനോപ്പം ഉണ്ടായിരുന്നു. ഇവർക്കും ഐഎസ്എൽ സ്‌ക്വാഡിൽ ഇടം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

 

 

മൂന്ന് തവണ കപ്പിന് തൊട്ടരികിലെത്തി കണ്ണീരോടെ മടങ്ങേണ്ടിവന്നതാണ് ബ്ലാസ്റ്റേഴ്സിന്. ആ വിധി മാറ്റിയെഴുതാൻ ഉള്ള ശ്രമത്തിലായിരിക്കും ഇവാൻ വുകൊമാനോവിച്ചും സംഘവും കളിക്കളത്തിലേക്ക് ഇറങ്ങുക. അവരോടൊപ്പം പന്ത്രാണ്ടാമനായി കൊച്ചിയിലെ മഞ്ഞകടൽ കൂടിയെത്തുന്നത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ശക്തിവർധിക്കുമെന്നുറപ്പാണ്. ഐഎസ്എൽ ഒൻപതാം എഡിഷൻ ആരംഭിക്കുന്നത് എല്ലാ തവണത്തെയും പോലെ ബ്ലാസ്റ്റേഴ്സിന്റെ കളിയോടെയാണ്. ഒക്ടോബർ 7ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനെ നേരിടും.

 

~Navya

What’s your Reaction?
+1
2
+1
9
+1
3
+1
1
+1
2
+1
2
+1
0

Leave a reply