ഐ. എസ്. എൽ സീസൺ തുടങ്ങാൻ ഏതാനും മാസങ്ങൾ ബാക്കി നിൽക്കവേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങൾ ടീമിനോടൊപ്പം ചേർന്നിരിക്കുന്നു. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ-ജാലകത്തിൽ മികച്ച പ്രതിഭകളെ ടീമിലെത്തിക്കുവാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു, കഴിഞ്ഞ സീസണിലെ പിഴവുകളെ എല്ലാം തിരുത്തി ഒരു പുതിയ അന്തരീക്ഷം തന്നെ സെർബിയൻ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചിന്റെ കീഴിൽ വളർത്തിയെടുക്കാനാവും ടീം ശ്രമിക്കുക.
ഒരു സ്ഥിരതയുള്ള ടീമാണ് ഇവാൻ ഇവിടെ വാർത്തെടുക്കുവാൻ ശ്രമിക്കുന്നത്, ഘടനപരമായി വലിയ വ്യത്യാസങ്ങൾ വരുത്തിയില്ലെങ്കിൽ പോലും, ഘടനയിൽ നിന്നുകൊണ്ട് തന്നെ മാറ്റങ്ങൾ വരുത്തി ടീമിന് അസ്ഥിരതയുണ്ടാവുന്നതരത്തിൽ നീക്കങ്ങൾ നടത്തിയെന്നു വരില്ല. പ്ലാൻ-എ, പ്ലാൻ-ബി എന്നിവയെങ്ങനെയാവും എന്ന് കണ്ടറിയണം
• മധ്യനിര
പൊതുവേ, മിഡ്ഫീൽഡിൽ വിദേശ താരങ്ങളുടെ അഭാവം മൂലം കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ദുർബലമാണെന്ന് പറയപ്പെടുന്നു. പല ഐ. എസ്. എൽ ടീമുകളും ഒരു വിദേശ ക്രിയേറ്റീവ് മിഡ്ഫീൽഡർ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ, കേരള ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് മറ്റ് ടീമുകൾക്ക് ഇല്ലാത്ത ചില മികച്ച ഇന്ത്യൻ പ്രതിഭകൾ മധ്യനിരയിലുണ്ട് എന്നുള്ളതാണ് വസ്തുത.
അതുകൊണ്ട് തന്നെ, നമ്മൾ അവയെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ, അവർ പിച്ചിൽ യഥാർത്ഥ സ്വാധീനം ചെലുത്തും. പക്ഷെ,വെല്ലുവിളികൾ ഏറെ.
• പിടിച്ചുനിൽക്കാനുള്ള ശാരീരികത ഇന്ത്യൻ താരങ്ങൾക്കുണ്ടോ?
മധ്യനിരയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ആശങ്കയാണ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി പാസിംഗ് ഓപ്ഷനുകളെയാവണം മുൻഗണന നൽകുക. ഖബ്രയുടെയും ജീക്സണിന്റെയും സാന്നിധ്യം മിഡ്ഫീൽഡിൽ സുരക്ഷിതമായ കളി നടത്തുവാൻ സഹായിക്കും. ലൂണ പിന്നിലേക്ക് ഇറങ്ങി ഒരു അഡ്വാൻസ്ഡ് പ്ലേ-മേക്കർ ആവുന്നതോടെ, ക്രിയാത്മകത നിലനിർത്തുവാൻ സാധിച്ചേക്കും. വിങ്ങേഴ്സായ പ്രശാന്തും സൈത്യാസെനിന്റെയും സാന്നിധ്യം ഡീപ്-റണ്ണുകൾ നടത്തുവാൻ സഹായിച്ചേക്കും. ഡിയാസിന്റെ വരവോടെ ലുണയ്ക്ക് അമിതഭാരം ഉണ്ടാവില്ല. ഡിയാസിന് ഫാൾസ്-9 ആയി കളിക്കാനുള്ള ശേഷിയുള്ളത് വളരെ നല്ലത്! ലുണയ്ക്ക് പകരക്കാരനായി സഹലും ആയുഷുമുള്ളത് ശക്തി വർധിപ്പിക്കുന്നു. പക്ഷെ, എല്ലാം അവയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
മറ്റു ഓപ്ഷനായ ചെഞ്ചോ ഫ്ലാങ്കിലൂടെ ഹൈ-സ്പീഡ് റണ്ണുകളും ഫിനിഷിങ് മികവ് പുലർത്തും എന്ന് കരുതുന്നു. ലൂണയുടെ ലോങ്ങ്-ബാളുകൾ വളരെ ഫലപ്രദമായേക്കാം!
പക്ഷെ, ലുണയെ കളിപ്പിക്കണമെങ്കിൽ സ്ട്രൈക്കിങ്ങിൽ നിന്നോ വിങ്ങിൽ നിന്നോ ഒരു താരത്തത്തെ പിൻ വലിക്കേണ്ടി വന്നേക്കാം.
• പ്രതിരോധനിര.
ഐ. എസ്. എൽ സാഹചര്യങ്ങളോട് പൊരുത്തമുള്ള പ്രതിരോധ താരങ്ങളും കൂടാതെ, പല രീതിയിലും പ്രതിരോധ ഘടകങ്ങളെ മാറ്റുവാൻ സാധിക്കാവുന്ന താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. എനസ് സിപോവിച്, ലെസ്കോവിച് എന്നീ താരങ്ങൾ പ്രധാനമായും ഒരേ കളിശൈലി പുലർത്തുന്ന താരങ്ങൾ ആയതുകൊണ്ട് തന്നെ, ഒരു ഇന്ത്യൻ സെന്റർ-ബാക്കിനെ കോച്ച് ഇവാൻ വുകൊമനോവിച് തീർച്ചയായും അണിനിർത്തിയേക്കും. ഇരുവരും വേഗത കുറഞ്ഞ താരങ്ങൾ ആയതുകൊണ്ട് തന്നെ ഹൈ-ലൈൻ ഡിഫൻസ് ഒരു വെല്ലുവിളിയായേക്കും. താരതമ്യേനെ മലയാളി താരം ഹക്കുവിന് വേഗതയുള്ളത് ഒരു ആശ്വാസം തന്നെയാണ്, പക്ഷെ അധികം സമ്മർദ്ദം ഡിഫൻസ്-ലൈനിലേക്ക് വരാതിരിക്കാനായി മധ്യനിര നോക്കേണ്ടതുണ്ട്. എനസ് സിപോവിച്ചും, ലെസ്കോവിച്ചിനും പ്രോഗ്രസ്സീവ്-പാസ്സുകൾ നൽകാനുള്ള മികവില്ലാത്തത് കൊണ്ട് തന്നെ റുയിവാ ഹോർമിപ്പാമിനെ അവിടെ ഉപയോഗപ്പെടുത്തുവാൻ സാധിക്കും. ലോങ്ങ്-ബോൾ, സെറ്റ് പീസ് ഡിഫെൻഡിംഗ് എന്നിവയെല്ലാം എനസ്, സിപോവിച് ലെസ്കോവിച് സംഘത്തിന് തരണം ചെയ്യാൻ അധികം പ്രയാസം വരില്ല എന്ന് കരുതാം.
• ആക്രമണ നിര.
ഐ. എസ്. എല്ലിലെ എക്കാലത്തെയും മികച്ച ആക്രമണ നിരയാവാനുള്ള ശേഷി ബ്ലാസ്റ്റേഴ്സിനുണ്ട്. അൽവരോ, ഡിയാസ്, ലൂണ പോലുള്ള ആക്രമണ ശേഷിയുള്ള താരങ്ങളുടെ സാന്നിദ്യം, വളരെ അധികം മുതൽക്കൂട്ട് ബ്ലാസ്റ്റേഴ്‌സിന് നൽകും. കോമ്പിനേഷൻ സ്റ്റൈൽ-പ്ലേയാവണം ആക്രമണത്തിൽ ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധപുലർത്താൻ പോവുന്നത്. അൽവരോ, ലൂണ, ഡിയാസ് എന്നീ താരങ്ങൾക് നല്ല വേഗതയുള്ളതുകൊണ്ടും ഫസ്റ്റ്-ടച്ചുകൾ മികച്ചതായതുകൊണ്ടും തന്നെ ഇവയെ ഉപയോഗപ്പെടുത്തി ഒരു കോമ്പിനേഷൻ മെനഞ്ഞു എതിരാളിയുടെ ഡിഫൻസിനെ തുള്ളച്ച് കയറുവാൻ ആവണം കൂടുതലും ശ്രമിക്കുക. വിങ്ങിൽ നിന്നുമുള്ള ബോളുകൾ വളരെ അനിവാര്യം ആയേക്കും. ആൽവാരോയ്ക്ക് വിങ്ങിൽ നിന്നുമുള്ള പന്തുകൾ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നത് കൊണ്ട് തന്നെ ഡ്യുറന്റ് കപ്പിൽ പ്രശാന്ത് നൽകിയ ത്രൂ-ബോളുകൾ ഉപയോഗപ്പെട്ടേക്കാം. ഒരു ഗോൾ സ്കോറിങ് വിങറുടെ പോരായ്‌മ ടീമിൽ ഉണ്ടെന്നാണ് മനസിലാക്കുവാൻ സാധിച്ചത്, കൌണ്ടർ അറ്റാക്കിൽ രാഹുലിനെ ഉപയോഗപ്പെടുത്തുവാൻ സാധിക്കും. അതുപോലെ തന്നെ ആയുഷിന്റെ ഫിനിഷിങ് മികവും ഇടത്തെ വിങ്ങിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
ഈ മാസം കൊച്ചിയിൽ പ്രീ-സീസണിന്റെ മൂന്നാം ഘട്ടം തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് ടീം സജ്ജമാക്കാനായി മതിയായ സമയവും മത്സരങ്ങളും ലഭിച്ചിരിക്കുന്നു. ഇത് ഒരു മികച്ച സീസൺ ആരാധകർക്ക് സമ്മാനിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
✍?വിനായക്. എസ്. രാജ്
Leave a reply