കാത്തിരിക്കാൻ ബ്ലാസ്റ്റേഴ്‌സ് കോച്ച് ആവശ്യപ്പെട്ടു, പക്ഷെ ഓഫർ ലഭിച്ചില്ല: മലയാളി താരം വി.പി. സുഹൈർ.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകനായ കിബു വിക്കുന മോഹൻ ബഗാനിൽ ഒന്നിച്ചുണ്ടായ തന്നോടും മറ്റു ചില കളിക്കാരോടും കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം വി.പി.സുഹൈർ. താൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവാൻ സാധ്യത ഉണ്ടെന്നും അതിനാൽ മറ്റു ഐ.എസ്.എൽ ടീമുകളിൽ നിന്നും ലഭിച്ച ഓഫറുകൾ സ്വീകരിക്കാതെ കുറച്ചുകൂടെ കാത്തിരിക്കണമെന്ന് കോച്ച് ആവശ്യപ്പെട്ടിരുന്നു എന്നാണ് സുഹൈർ വെളിപ്പെടുത്തിയത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉൾപ്പെടെ മറ്റു ഐ.എസ്.എൽ ടീമുകളിൽ നിന്നുപോലും ഓഫറുകൾ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ ലഭിക്കുമെന്ന് കരുതി മൂന്ന് മാസത്തോളം കാത്തിരുന്നു. എന്നാൽ എന്തുകൊണ്ടോ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ പിന്നീട് ലഭിച്ചില്ലെന്നും സുഹൈർ പറഞ്ഞു.

മോഹൻ ബഗാനെ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയ ശേഷമാണ് കിബു വിക്കുന കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി എത്തിയത്. മോഹൻ ബഗാനിൽ കിബു വിക്കുനയുടെ കീഴിൽ പന്തുതട്ടിയ താരമായിരുന്നു സുഹൈർ. മറ്റു ഐ.എസ്.എൽ ടീമുകളിൽ നിന്നും ഓഫറുകൾ ഉണ്ടെന്ന കാര്യം കിബു വിക്കുനയോട് പങ്കുവെച്ചപ്പോഴാണ് കുറച്ചുകൂടെ കാത്തിരിക്കാൻ കോച്ച് ആവശ്യപ്പെട്ടതെന്നും സുഹൈർ കൂട്ടിച്ചേർത്തു.

മൂന്ന് മാസം കാത്തിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ ലഭിക്കാത്തത് കണ്ടപ്പോഴാണ് മറ്റു ഓഫറുകൾ പരിഗണിച്ചതെന്നും സുഹൈർ പറഞ്ഞു. ഒരു മലയാളി എന്ന നിലയിൽ സ്വന്തം നാടിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നും സുഹൈർ പറഞ്ഞു.

കഴിഞ്ഞ സീസൺ മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമാണ് സുഹൈർ. ഇന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിരിക്കെ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുഹൈർ ഈ കാര്യങ്ങൾ പങ്കുവെച്ചത്.

വൈകുന്നേരം 7:30നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply