ആകെ 3 റെഡ് കാർഡുകൾ | ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്‌പൂർ മത്സരം സമനിലയിൽ.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നു നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്‌പൂർ പരിശീലന മത്സരം 1-1 സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിൽ അഡ്രിയാൻ ലൂണ നൽകിയ അസ്സിസ്റ്റ് ഗോളാക്കിയ പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ഗോൾ നേടിയ ജംഷഡ്‌പൂർ ഒപ്പമെത്തുകയായിരുന്നു. ജംഷഡ്‌പൂരിനുവേണ്ടി കോമൽ തട്ടാലാണ് സമനില ഗോൾ കണ്ടെത്തിയത്. ആവേശകരമായ മത്സരം പലപ്പോഴും കയ്യാംങ്കളിയിലേക്ക് നയിച്ചു. ജംഷഡ്‌പൂർ എഫ്.സിയുടെ ഹാർട്ട്ലിയും, മുബഷീറും, കേരള ബ്ലാസ്റ്റേഴ്സിന്റെ ലെസ്‌കോവിച്ചും മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോവേണ്ടി വന്നു.

ഗോവയിലെത്തിയ ശേഷം ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന നാലമത്തെ പരിശീലന മത്സരമായിരുന്നു ഇന്നത്തേത്. ആദ്യ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് 2-0 സ്കോറിന് വിജയിച്ചിരുന്നു. മൂന്നാമത്തെ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സിയോട് 3-0 സ്കോറിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. ഒഡിഷ എഫ്.സിയും, ചെന്നൈയിൻ എഫ്.സിയുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിജയിച്ച ആദ്യ രണ്ട് മത്സരങ്ങൾ. നേരത്തെ ഗോവയിലെത്തിയ ആദ്യ ആഴ്ച്ചയിൽ തന്നെ എഫ്.സി.ഗോവയുമായി ഒരു മത്സരം നിശ്ചയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ആ മത്സരം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കോവിഡ് സുരക്ഷാ മാനദണ്ഡമായ ബയോ ബബിളിൽ പ്രവേശിക്കുന്നതിനായി ടീം ക്വാറന്റൈനിലേക്ക് കടന്നു. ഇതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നാല് പരിശീലന മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മത്സരങ്ങളെല്ലാം ഇന്നത്തോടെ പൂർത്തിയായി. ഇനി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സര ദിനമായ നവംബർ 19ന് ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ.മോഹൻ ബഗാനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലേക്ക് കടക്കുകയാണ്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply