ഗോളുമായി പ്രശാന്തും, അൽവാരോയും; കേരള ബ്ലാസ്റ്റേഴ്സിന് ജയം.

നവംബർ 19ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി ഗോവയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു ആദ്യ പരിശീലന മത്സരത്തിറങ്ങി. ഒഡീഷ എഫ്.സിയുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത് മലയാളി താരം കെ.പ്രശാന്താണ്. പ്രശാന്തിലൂടെ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ ഒട്ടും വൈകാതെ തന്നെ സാവി ഹെർണാണ്ടസിലൂടെ ഒഡിഷ സമനിലയിൽ പിടിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ പ്രശാന്ത് നൽകിയ അസ്സിസ്റ്റിൽ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌കസ് വീണ്ടും ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി. ഇതോടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡ് കൈവരിച്ചു. എന്നാൽ രണ്ടാം പകുതിയിലും ഒഡിഷക്ക് സമനില ഗോൾ കണ്ടെത്താനാവാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ വിജയിക്കുകയായിരുന്നു.

നേരത്തെ ഗോവയിലെത്തിയ ആദ്യ ആഴ്ച്ചയിൽ തന്നെ എഫ്.സി.ഗോവയുമായി ഒരു മത്സരം നിശ്ചയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ആ മത്സരം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കോവിഡ് സുരക്ഷാ മാനദണ്ഡമായ ബയോ ബബിളിൽ പ്രവേശിക്കുന്നതിനായി ടീം ക്വാറന്റൈനിലേക്ക് കടന്നു. ഇതിനു ശേഷമാണ് ഇന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്.സിയുമായി ഏറ്റുമുട്ടിയത്. ഇനി നവംബർ അഞ്ചിന് ചെന്നൈയിൻ എഫ്.സിയുമായും, നവംബർ 9, 12 തിയ്യതികളിൽ ജംഷഡ്‌പൂർ എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലന മത്സരങ്ങൾ.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply