നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് | ഡയമന്റകോസിന് ഇരട്ടഗോൾ | ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചാം ജയം

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ രണ്ട് ഗോളിന് തകര്‍ത്ത് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. ദിമിത്രിയോസ് ഡയമന്റകോസാണ് ഇരട്ടഗാേളുമായി ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. അവസാന രണ്ട് കളിയിലും തോല്‍വി വഴങ്ങേണ്ടിവന്ന ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ മനോഹര പ്രകടനം പുറത്തെടുത്തു. 15 കളിയില്‍ 28 പോയിന്റുമായി മൂന്നാംസ്ഥാനവും ബ്ലാസ്റ്റേഴ്സ് തിരിച്ചുപിടിച്ചു. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 9 ഗോള്‍ തികച്ച ഡയമന്റകോസ് ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ രണ്ടാമനായി.

 

ഗോവയ്ക്കെതിരെ കളിച്ച ടീമില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ സന്ദീപ് സിങ്ങിന് പകരം പ്രതിരോധത്തില്‍ ഹര്‍മന്‍ജോത് കബ്ര എത്തി. നിഷു കുമാറിന് പകരം ജെസെല്‍ കര്‍ണെയ്റോ. വിക്ടര്‍ മോന്‍ഗില്‍, ഹോര്‍മിപാം എന്നിവര്‍ തുടര്‍ന്നു.മധ്യനിരയില്‍ സൗരവ് മണ്ഡലിന് പകരം കെ പി രാഹുലും ഇവാന്‍ കലിയുഷ്നിയ്ക്ക് പകരം അപോസ്തലോസ് ജിയാനുവും സഹല്‍ അബ്ദുള്‍ സമദിന് പകരം ബ്രൈസ് മിറാന്‍ഡയുമെത്തി. അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. ദിമിത്രിയോസ് ഡയമന്റാകോസ്. മുന്‍നിരയില്‍. ബാറിന് കീഴില്‍ പ്രഭ്സുഖന്‍ സിങ്ഗിലുണ്ടായില്ല. കരണ്‍ജിത് സിങ് അരങ്ങേറി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നേറ്റത്തില്‍ എം എസ് ജിതിനും റിച്ചാര്‍ഡ് എംബോബോയും മധ്യനിരയില്‍ റൊമയ്ന്‍ ഫിലിപോടിയുക്സ്, എമില്‍ ബെന്നി, പ്രഗ്യാന്‍ സുന്ദര്‍ ഗൊഗൊയ്, ജൊസെബ ബെയ്ട്ടിയ എന്നിവര്‍. പ്രതിരോധത്തില്‍ ആരോണ്‍ ഇവാന്‍സ്, അലെക്സ് സജി, ഗുര്‍ജിന്ദര്‍ കുമാര്‍, ഗൗരവ് ബോറ. ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ.

 

കളിയുടെ ആദ്യനിമിഷംതന്നെ ബ്ലാസ്റ്റേഴ്സിന്റെ കിടയറ്റ മുന്നേറ്റം കണ്ടു. ഇടതുപാര്‍ശ്വത്തില്‍ അസാമാന്യ കുതിപ്പ് നടത്തിയ ഡയമന്റാകോസ് നോര്‍ത്ത് ഈസ്റ്റ് ബോക്സില്‍ കയറി. തകര്‍പ്പന്‍ ഷോട്ടും തൊടുത്തു. അരിന്ദം സാഹസപ്പെട്ട് ആ ഷോട്ട് തടഞ്ഞു. പതിനാലാം മിനിറ്റില്‍ ബ്രൈസ് മിറാന്‍ഡയുടെ ക്രോസ് ബോക്സിലേക്ക് അതിമനോഹരമായി കയറി. ജിയാനു കാല്‍വച്ചെങ്കിലും പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പിന്നാലെ വലതുപാര്‍ശ്വത്തില്‍നിന്ന് രാഹുല്‍ തൊടുത്ത ക്രോസില്‍ കാല്‍വയ്ക്കാന്‍ ജിയാനുവിനും ഡയമന്റകോസിനും കഴിഞ്ഞില്ല. പതിനെട്ടാം മിനിറ്റില്‍ ബോക്സില്‍വച്ചുള്ള ഡയമന്റകോസിന്റെ വോളി അരിന്ദം കൈപ്പിടിയിലൊതുക്കി. കളി അരമണിക്കൂര്‍ തികയുംമുമ്പ് ബ്ലാസ്റ്റേഴ്സ് സുവര്‍ണാവസരം കിട്ടി. ഇക്കുറി ഇടതുഭാഗത്ത് മിറാന്‍ഡ കുതിച്ചു. എതിര്‍ പ്രതിരോധത്തെ വെട്ടിച്ച് ബാക് പോസ്റ്റിലേക്ക് മനോഹരമായ ക്രോസ്. എന്നാല്‍ ലൂണയ്ക്ക് കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിയില്ല. നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പിന്നാലെ ബ്ലാസ്റ്റേഴ്സ് നടത്തിയ നീക്കങ്ങളെല്ലാം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ വിറപ്പിച്ചു. രാഹുലിന്റെ ഷോട്ട് അരിന്ദം പിടിച്ചെടുത്തു.

 

ഇടവേളയ്ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ വിറപ്പിച്ചു. ഡയമന്റകോസിന്റെ തകര്‍പ്പന്‍ ഷോട്ട് അരിന്ദം ഒറ്റക്കൈ കൊണ്ട് തട്ടിയകറ്റി. പിന്നാലെ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. മധ്യഭാഗത്തുനിന്ന് ആസൂത്രണം. കര്‍ണെയ്റോയുടെ ത്രോയില്‍നിന്നായിരുന്നു തുടക്കം. പന്ത് ഇടതുഭാഗത്ത് മിറാന്‍ഡയുടെ കാലിലെത്തി. മിറാന്‍ ഉയര്‍ത്തിവിട്ട പന്തില്‍ ഡയമന്റകോസ് തലവച്ചു. ബ്ലാസ്റ്റേഴ്സിന് ലീഡ്. രണ്ട് മിനിറ്റ് തികയുംമുമ്പ് രണ്ടാംഗോള്‍. ഇക്കുറി ലൂണയുടെ മനോഹര നീക്കം. പ്രതിരോധത്തെ പൂര്‍ണമായും കബളിപ്പിച്ച് ലൂണ പന്ത് മുന്നിലേക്ക് കുത്തിയിട്ടു. ഡയമന്റകോസ് കുതിക്കുമ്പോള്‍ തടയാന്‍ ആരുമുണ്ടായില്ല. അരിന്ദത്തെ നിസഹായനാക്കി ഡയമന്റകോസ് രണ്ടാംഗോളും തൊടുത്തു. ഇരട്ടഗോള്‍ ആഘോഷവുമായി ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.

 

രണ്ടാംപകുതിയുടെ തുടക്കം ബ്ലാസ്റ്റേഴ്സിന്റെ കാലുകളിലായി. രാഹുലും ഡയമന്റകോസും നിരവധി മികച്ച നീക്കങ്ങള്‍ നടത്തി. 61ാം മിനിറ്റില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. സഹല്‍ മിറാന്‍ഡയ്ക്ക് പകരം കളത്തിലെത്തി. കബ്രയ്ക്ക് പകരം നിഷുകുമാറും. 71ാം മിനിറ്റില്‍ ജിയാനുവിന് പകരം കലിയുഷ്നിയുമെത്തി. രാഹുലിന് പകരം ആയുഷ് അധികാരിയും. കളി പൂര്‍ണമായും ബ്ലാസ്റ്റേഴ്സ് നിയന്ത്രിച്ചു. മറുവശത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഒറ്റപ്പെട്ട നീക്കങ്ങളെ പ്രതിരോധം കൃത്യമായി തടഞ്ഞു. 81ാം മിനിറ്റില്‍ ജീക്സണ്‍ സിങ്ങിന് പകരം വിബിന്‍ മോഹനന്‍ കളത്തിലെത്തി. 90ാം മിനിറ്റില്‍ ലൂണയും ഡയമന്റകോസും ചേര്‍ന്ന് നടത്തിയ നീക്കം നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ബോക്സിനുള്ളില്‍ തടഞ്ഞു. അവസാ നിമിഷം ആയുഷിന്റെ കോര്‍ണറില്‍ ഹോര്‍മിപാം തലവച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളുമായാണ് അടുത്ത മത്സരം. കൊല്‍ക്കത്തയാണ് വേദി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
1
+1
0
+1
1

Leave a reply