വിവിധ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ ‘മാഞ്ചസ്റ്റർ സിറ്റി അബൂദബി കപ്പ്’ ടൂർണമെന്റിൽ വമ്പൻ ടീമുകൾക്കെതിരെ ഗോൾ നേടി മലയാളി കൊച്ചുമിടുക്കൻ അബൂദബി അൽ ഇത്തിഹാദ് അക്കാദമിയിലെ ഫിസാൻ ബിൻ നിയാസ്.
അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ അണ്ടര്‍ 12 വിഭാഗം ഫുട്ബാള്‍ മത്സരത്തില്‍ 33 ടീമുകള്‍ മാറ്റുരച്ചു. നാല് ഗ്രൂപ് തിരിച്ചുള്ള മത്സരത്തില്‍ പ്രമുഖ ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്സലോണ, ജക്കാര്‍ത്ത, അല്‍വാദ, ഒമാന്‍, സൗദി, കെനിയ അടക്കമുള്ള ടീമുകളായിരുന്നു എതിരാളികള്‍. ആദ്യറൗണ്ടില്‍ പ്രബലരായ മാഞ്ചസ്റ്റര്‍ സിറ്റിയെ (6-0) തോല്പിച്ചായിരുന്നു അൽഇത്തിഹാദിന്റെ മുന്നേറ്റം. ഈമത്സരത്തിലാണ് ഫിസാന്റെ ആദ്യ ഗോള്‍ പിറന്നത്. ജക്കാര്ത്തക്കെതിരെ നടന്ന അടുത്ത കളിയിലാണ് മികച്ച മുന്നേറ്റം നടത്തി രണ്ടാമത്തെ ഗോളും ഫിസാന് സ്വന്തംപേരിലാക്കി.
കളിമികവില്‍ മുന്നേറിയ അബൂദബി അല്‍ഇത്തിഹാദ് ടീമിന് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനവും നേടാനായി. കോട്ടയം ചാമംപതാല്‍ പാലകൊട്ടാല് അഡ്വ. പി.ജെ. നിയാസിന്റെയും ഫാര്‍മസിസ്റ്റ് ഷിജി നിയാസിന്റെയും രണ്ടാമത്തെ മകനാണ് ഫിസാന്. ആനിക്കാട് സെന്റ് തോമസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. മൈലാടി ഐറാസ് സ്പോര്‍ട്സ് ഹബിലും കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും നടന്ന പരിശീലനത്തിനൊപ്പം ഫിസാന്റെ ഫുട്ബോൾ കളിയുടെ വീഡിയോ കണ്ടാണ് അബൂദബി അല്‍ഇത്തിഹാദ് ടീമിലേക്ക് സെലക്ഷന് കിട്ടിയത്. കോട്ടയത്തുനിന്ന് ഒന്നും വയനാട്ടില്‍നിന്ന് മൂന്നും ഉള്‍പ്പെടെ അല്‍ഇത്തിഹാദ് ഫുട്ബാള്‍ അക്കാദമിയിയില്‍ നാല് കുട്ടിത്താരങ്ങള്‍ കളിക്കുന്നുണ്ട്. വയനാട് സ്വദേശികളായ റയാന് അമന്, റിദ്വാന്, മുഹമ്മദ് ഫൈസാല്‍ എന്നിവരാണ് ഫിസാനൊപ്പം അന്താരാഷ്ട്രമത്സരം കളിച്ച മറ്റു മലയാളികള്‍.
Leave a reply