ചിൽഡ്രൻസ് ഹോമിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ19 ടീമിലേക്ക്!

ചിൽഡ്രൻസ് ഹോമിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്! അപ്പു.എസ് എന്ന യുവതാരത്തിന്റെ ജീവിതയാത്രയെ അങ്ങനെ വിശേഷിപ്പിക്കാം.

തന്റെ അഞ്ചാം വയസ്സിൽ നൂറനാടുള്ള ചിൽഡ്രൻസ് ഹോമിലെത്തിയ അപ്പു പന്ത്രണ്ടുവയസ്സുള്ളപ്പോഴാണ് തൃശൂരിലുള്ള ചിൽഡ്രൻസ് ഹോമിലേക്കെത്തുന്നത്. 2014ൽ അവൻ തൃശൂരിലെത്തിയ അതെ വർഷമാണ് ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്കീമിന് സർക്കാർ രൂപം കൊടുക്കുന്നത്. 2016ൽ ഗുരുകുലം പദ്ധതിയിൽ ചേർന്നപ്പോൾ അതിന്റെ ഭാഗമായി ഫുട്ബോൾ കോച്ചിങ്ങും ലഭിച്ചു.

കോച്ച് കിരൺ ജി കൃഷ്ണനാണ് അപ്പുവിന്റെ ഉള്ളിലെ പന്തുകളിക്കാരനെ തിരിച്ചറിഞ്ഞത്. ഒരു ഫുട്ബോൾ താരത്തിലേക്കുള്ള അപ്പുവിന്റെ യാത്ര തുടങ്ങിയത് അവിടെവെച്ചാണ്. തൊട്ടടുത്ത വർഷം എഫ്.സി കേരളയുടെ ട്രയൽസിൽ പങ്കെടുത്ത അവൻ അവിടെവെച്ച് നടത്തിയ മികച്ച പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് എൽതുരുത്ത് സെന്റ് അലോഷ്യസിലെത്തിയ പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് അപ്പു ജി.വി രാജ സ്പോർട്സ് അക്കാഡമിയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നത്. അവിടെവെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്കൗട്ടുകളുടെ കണ്ണിൽ അപ്പുവിന്റെ പ്രകടനം ഉടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 19 ടീമിലെക്കാണ് അപ്പു എത്തിയിരിക്കുന്നത്. അടുത്ത വർഷം ജനുവരി മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്രയ്ക്ക് അപ്പു തുടക്കം കുറിക്കുകയാണ്. അപ്പു എന്ന ഫുട്ബോളറുടെ ജീവിതപ്രയാണത്തിന് പൂർണപിന്തുണയുമായി ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ട് വി.എ നിഷാമോളും കൗൺസിലർ ജിതീഷ് ജോർജും അവിടെയുള്ള അന്തേവാസികളും അടങ്ങുന്ന ഒരു വലിയ കുടുംബംതന്നെയുണ്ട്.

ഫോട്ടോ ക്രെഡിറ്റ്: മാധ്യമം
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply