ഇന്ത്യയിലെ ആദ്യ ആരാധക ഉടമസ്ഥതയിലുള്ള ക്ലബിന് മൂന്ന് വയസ്സ്!

ഏതൊരു കായികയിനത്തിലേതുമെന്ന പോലെ ഫുട്ബോളിലെയും അവിഭാജ്യ ഘടകമാണ് ആരാധകർ. തങ്ങളുടെ ടീമിനെ പിന്തുണയ്ക്കുന്നതോടൊപ്പം ടീമിനോട് ചേർന്നുള്ള പല തീരുമാനങ്ങളിലും സ്വാധീനം ചെലുത്താൻ ഇവർക്കു സാധിക്കും. എന്നാൽ ആരാധകർ തന്നെ ഉടമസ്ഥരായി വരുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. വമ്പൻ ക്ലബ്ബുകളായ എഫ്.സി ബാഴ്സലോണ, റയൽ മാഡ്രിഡ്‌, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയവരെല്ലാം ഈ ഗണത്തിൽ പെടുന്നവരാണ്. എന്നാൽ മൂന്നുവർഷങ്ങൾക്കു മുൻപുവരെ ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന് ആരും മുതിർന്നിട്ടുണ്ടായിരുന്നില്ല. ട്രാവൻകൂർ റോയൽസ് എഫ്.സി ഉണ്ടായത് ഇത്തരം ഉദാഹരണങ്ങളെ മാതൃകയാക്കികൊണ്ടാണ്.

2018 നവംബർ 29നാണ് ട്രാവൻകൂർ റോയൽസ് ഔദ്യോഗികമായി രൂപംകൊണ്ടത്. സ്പോർട്സ് മാനേജ്മെന്റ് ആൻഡ് റീസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ(SMRI) വിദ്യാർത്ഥികളുടെ മനസിലാണ് ആദ്യമായി ഇത്തരത്തിലുള്ള ഒരാശയം ഉരുതിരിഞ്ഞുവന്നത്. എന്തുകൊണ്ട് ഇന്ത്യയിൽ ഇത്തരത്തിൽ 100% ആരാധകരുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബുകൾ ഇല്ല എന്നതിനെപറ്റിയും, യൂറോപ്പിലും മറ്റും നിലവിലുള്ള ഫാൻ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളെ പറ്റിയും വിശദമായി പഠിച്ച ഇവർ ഈയൊരു സംരംഭത്തിന് തുടക്കം കുറിച്ചു. ക്ലബ്‌ രൂപപ്പെടാൻ വേണ്ടുന്ന ഫണ്ട്‌ കണ്ടെത്തിയതും, രൂപരേഖ തയ്യാറാക്കിയതുമെല്ലാം SMRI ലെ വിദ്യാർത്ഥികൾ തന്നെ ആയിരുന്നു. കേരള ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതനായ ജിബു ഗിബ്സൺ ആണ് ക്ലബ്ബിന്റെ നിലവിലെ സി.ഇ.ഒ. സെക്രട്ടറി അഥവാ സിഇഒ, പ്രസിഡന്റ്‌, കോർ കമ്മിറ്റി, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവരുൾപ്പെട്ട ഭരണസമിതിയാണ് ക്ലബ്ബിന്റെ നിർണായക കാര്യങ്ങളിൽ തീരുമാനം കൈകൊള്ളുന്നവർ.

ഒരുകാലത്തു കേരള ഫുട്ബോളിന്റെ തലസ്ഥാനം ആകാൻവരെ ശേഷി ഉണ്ടായിടത്തുനിന്ന് കൂപ്പുകുത്തിപോയ തിരുവനന്തപുരത്തെ ഫുട്ബോൾ പാരമ്പര്യത്തെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ട്രാവൻകൂർ റോയൽസ് പ്രവർത്തിക്കുന്നത്. നിലവിൽ ഒരു ഫീഡർ ക്ലബ്ബിനെ പോലെ പ്രവർത്തിക്കുന്ന ഇവർക്ക് വിമൻസ് അക്കാദമിയും ഉണ്ട്. തിരുവനന്തപുരം ഓൾ സൈന്റ്സ് വിമൻസ് കോളേജിലെയും ഗവണ്മെന്റ് വിമൻസ് കോളേജിലെയും താരങ്ങളാണ് നിലവിൽ അക്കാദമിയിൽ എൻറോൾ ചെയ്തിരിക്കുന്നത്. മെൻസ് ഫുട്ബോളിലാകട്ടെ മെയിൻ ടീമിനുപുറമേ അണ്ടർ 18, അണ്ടർ 15, ജൂനിയർസ് എന്നീ ടീമുകളും നിലവിലുണ്ട്. കേരള പ്രീമിയർ ലീഗും ഇന്ത്യൻ വിമൻസ് ലീഗുമാണ് ഇവരുടെ ലക്ഷ്യം.

മൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ ഫുട്ബോളിനും പൊതുസമൂഹത്തിനും ഉപകാരപ്രദമാകുന്ന പുതിയ ചില പദ്ധതികൾക്ക് കൂടിയവർ നാന്നികുറിക്കുകയാണ്. അതോടൊപ്പം തന്നെ പുതിയ സീസണിലെ ടീം ജേഴ്സിയും തദവസരത്തിൽ അവർ പുറത്തിറക്കുന്നുണ്ട്.

~Navya

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply