അരങ്ങേറ്റം രാജകീയമാക്കി ട്രാവൻകൂർ റോയൽസ് !

കേരള വിമൻസ് ലീഗിന്റെ ആദ്യ മത്സരത്തിൽ ട്രാവൻകൂർ റോയൽസിന്റെ ചുണക്കുട്ടികൾക്ക് ഉജ്ജ്വല വിജയം. ഇന്ന് ആരംഭിച്ച മൂന്നാം പതിപ്പിന്റെ ആദ്യ മത്സരത്തിൽ ലൂക്ക എസ് സി ആയിരുന്നു ട്രാവൻകൂർ റോയൽസിന്റെ എതിരാളികൾ. ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ‘റോയൽ ഏഞ്ചൽസ്’ ലൂക്ക എസ് സി യെ എതിരില്ലാത്ത 22 ഗോളിന്റെ അതിപ്രഹരമേൽപ്പിച്ചു !

നാലാം മിനുട്ടിൽ സരിതയുടെ ബൂട്ടിലൂടെ തുടങ്ങിയ ഗോൾ വേട്ട എമ്പത്തി ഒമ്പതാം മിനുട്ടിൽ പൂറാണിയാണ് അവസാനിപ്പിച്ചത്. ഇതിനിടെ ഇരുപത്തിരണ്ട് തവണ വല കുലുങ്ങി. എല്ലാം ട്രാവൻകൂർ പ്ലയേഴ്സിന്റെ കാലുകളിൽ നിന്ന് തന്നെ ! ആദ്യ പകുതിയിൽ പന്ത്രണ്ട് തവണ പന്ത് വലയിലെത്തി. ആദ്യ മിനുട്ടുകളിൽ തന്നെ കളി ട്രാവൻകൂർ റോയൽസിന്റെ വരുതിയിൽ വന്നിരുന്നു. ആദ്യ പതിനഞ്ച് മിനുട്ടിൽ മാത്രം ആറ് ഗോളുകളാണ് ലൂക്ക എസ് സി യുടെ വലയിലെത്തിയത്. അറുപത്തി നാല് മിനുട്ടുകൾക്കുള്ളിൽ റോയൽസിന്റെ സരിത ഏഴ് ഗോളുകൾ നേടി! വേറെയും ഊർജ്ജസ്വലരായ ഗോൾ വേട്ടക്കാർ ട്രാവൻകൂറിനുണ്ട്. നാല് ഗോളുകൾ വീതം നേടി വെമ്പരാശിയും മിന്നോളിയയും തിളങ്ങി. സന്ധ്യ മൂന്ന് ഗോളുകൾ നേടി സ്കോർ ഉയർത്തി. ഐശ്വര്യയും പൂറാണിയും രണ്ട് ഗോളുകൾ വീതം നേടി സാന്നിധ്യമറിയിച്ചു.

കരുത്തുറ്റ താര നിര തന്നെയാണ് ട്രാവൻകൂർ റോയൽസിന്റേത് എന്നാണ് ആദ്യ മത്സരത്തിലെ ഈ ഭീമമായ വിജയം സൂചിപ്പിക്കുന്നത്. ട്രാവൻകൂർ റോയൽസിന്റെ സർവ്വാധിപത്യം നിറഞ്ഞ മത്സരത്തിനാണ് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയം ഇന്ന് സാക്ഷിയായത്. കൂടാതെ മികച്ച ഗോളുകളുടെ നീണ്ട ശ്രേണി തന്നെ പ്രേക്ഷകർക്ക് കാണാനായി. എല്ലാം കൊണ്ടും രാജകീയമായി തന്നെയാണ് ട്രാവൻകൂർ റോയൽസ് ആദ്യ മത്സരം അവസാനിപ്പിച്ചത്!

ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇനിയുള്ള മത്സരങ്ങളിൽ ഒരു തിരിച്ചു വരവ് നടത്താൻ ലൂക്ക എസ് സി ക്ക് സാധിക്കട്ടെ. ഒപ്പം ഇനിയുള്ള മത്സരങ്ങളിലും വിജയതേരോട്ടം തുടരാൻ ട്രാവൻകൂർ റോയൽസിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഡിസംബർ 15ന് കരുത്തരായ ഗോകുലം കേരള എഫ്സി ക്കെതിരെയാണ് ട്രാവൻകൂർ റോയൽസിന്റെ അടുത്ത മത്സരം. ഡിസംബർ 16ന് കടത്തനാട് രാജ എഫ്എ യെ ലൂക്ക എസ് സി നേരിടും.

Starting 11:

ലൂക്ക എസ് സി : അഞ്ജു മോൾ (GK), ബിൻസി, റീബ, ഹരിത, അക്ഷര, അൽഫോൺസിയ, അമൃത, ഗ്രീഷ്മ, ഹന്ന, തബിത, ജുബി (C)

ട്രാവൻകൂർ റോയൽസ് : , കെ ശ്യാമള (GK), വിനോദിനി ഡി, ജുകി പുഷ്പാനന്ദൻ, താമരസെൽവി ജെ, വെമ്പരാശി ആർ, സരിത എം, സന്ധ്യ പി, എലക്കിയ ബി, മിന്നോളിയ, ഐശ്വര്യ എസ്, രേണുക വി (C)

  • ~Jumana Haseen K
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply