ബാഴ്‌സയെ രക്ഷിക്കാൻ സാവി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ.

ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അല്‍ സാദ് ക്ലബ് സാവിയെ വിട്ടു നല്‍കാന്‍ സമ്മതിച്ചു. സാവിയുമായി കരാർ അവസാനിപ്പിക്കുന്നതിന് അല്‍ സാദ് ക്ലബ്ബിന് നഷ്ടപരിഹാര തുക നൽകിയാണ് സാവിയെ ബാഴ്സ ടീമിൽ എത്തിക്കുന്നത്. സാവിയെ വിട്ടു നൽകുന്നതിന് തീരുമാനം ആയെന്ന് അല്‍ സാദ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സാവി ഉടൻ തന്നെ ബാഴ്സലോണയുമായി കരാര്‍ ഒപ്പുവെക്കും.

ഇന്നു തന്നെ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവാനാണ് സാധ്യത. അടുത്ത ആഴ്ച സാവിയെ ഹോം ഗ്രൗണ്ടായ ക്യാമ്പ്നൗവിൽ അവതരിപ്പിക്കാനും ബാഴ്സ പദ്ധതി ഇടുന്നുണ്ട്. ബാഴ്സലോണയുടെ ഇതിഹാസ താരത്തെ വിട്ടു നല്‍കാനായി 5 മില്യനോളം ബാഴ്സ ഖത്തര്‍ ക്ലബായ അല്‍ സാദിന് നല്‍കും. സാവിക്ക് ബാഴ്സലോണയില്‍ നാലു വര്‍ഷത്തെ കരാര്‍ ആയിരിക്കും നല്‍കുക.

അവസാന മൂന്ന് വര്‍ഷമായി അല്‍ സാദിന്റെ പരിശീലകനായിരുന്ന സാവി. ഖത്തര്‍ ക്ലബായ അല്‍ സാദില്‍ മികച്ച പ്രകടനം നടത്താന്‍ സാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങള്‍ സാവി ഖത്തറില്‍ പരിശീലകനായി നേടി. ഖത്തര്‍ ലീഗ്, ഖത്തര്‍ കപ്പ്, ഖത്തര്‍ സൂപ്പര്‍ കപ്പ്, ഖത്തര്‍ സ്റ്റാര്‍ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയില്‍ സാവി അല്‍ സാദിനൊപ്പം ഉയര്‍ത്തി. ഖത്തര്‍ ക്ലബായ അല്‍ സാദിനൊപ്പം അവസാന ആറു വര്‍ഷമായി സാവിയുണ്ട്. 2015ല്‍ ആണ് സാവി അല്‍ സാദ് ക്ലബില്‍ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങള്‍ സാവി നേടിയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ആകട്ടെ 25 കിരീടങ്ങളും സാവി നേടിയിട്ടുണ്ട്.

ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സാവി ടീമിലേക്ക് തിരിച്ചെത്തുന്ന ആവേശത്തിലാണ് ആരാധകർ. പലവിധ പരീക്ഷണങ്ങൾക്കും ശേഷം ടീമെന്ന നിലയിൽ താളം തെറ്റി നിൽക്കുന്ന ബാഴ്‌സയെ കൈപിടിച്ചുയർത്തുക എന്ന ധൗത്യമാണ് സാവിക്ക് മുന്നിലുള്ളത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply