ബാഴ്‌സലോണയുടെ ഫ്രഞ്ച് താരം ആന്റോയിൻ ഗ്രീസ്‌മാൻ മുൻ ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡിൽ തിരിച്ചെത്തി. സ്പാനിഷ് ലാ ലിഗയിലെ ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം. താരം ബാഴ്സയിൽ തന്നെ തുടരും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ബാഴ്സയിൽ ഏറെ ആരാധകരുള്ള താരമാണ് ഗ്രീസ്‌മാൻ. മെസ്സിക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടെ ടീം വിട്ടത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രാത്രി ഏറെ വൈകി നടന്ന കരാർ വാർത്ത രാവിലെയോടെയാണ് ഇന്ത്യയിലെ പല ആരാധകരും അറിഞ്ഞത്. 10 മില്യൺ യൂറോ ഫീസായി നൽകി ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂൺ വരെയാണ് ലോൺ കാലാവധി.
സീസണിന് ശേഷം രണ്ട് വർഷത്തെ കരാറിലെത്താനും താരവും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിൽ ധാരണയായി.
എന്നാൽ അവസാന മണിക്കൂറിൽ ഏവരും പ്രതീക്ഷിച്ചിരുന്ന ട്വിസ്റ്റ് എംബാപ്പെ പി.എസ്.ജിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തും എന്നതായിരുന്നു. പക്ഷെ എംബാപ്പെ ഈ സീസണില്‍ റയൽ മാഡ്രിഡിലേക്ക് പോകില്ലെന്ന് ഉറപ്പായി. താരക്കൈമാറ്റത്തിന്റെ അവസാന ദിനമായ ഇന്നലെ റയൽ മുന്നോട്ടുവച്ച 200 മില്യൺ യൂറോയുടെ ഓഫറും പി.എസ്.ജി സ്വീകരിച്ചില്ല. ഡച്ച് താരം ലുക്ക് ഡിജോങിനെ സെവില്ലയിൽ നിന്നും ലോണിൽ ബാഴ്സയും, സ്‌പോർട്ടിങ് ലിസ്‌ബണിൽ നിന്ന് നുനോ മെൻഡസിനെ പി.എസ്.ജിയും, അത്‍ലറ്റിക്കോ താരം സോൾ നിഗ്വസിനെ ലോണിൽ ചെൽസിയും അവസാന മണിക്കൂറിൽ സ്വന്തമാക്കി.
യൂറോപ്പിലെ പ്രധാന ലീഗുകളിലെ ട്രാൻസ്ഫർ വിന്ഡോ സമയം ഇന്ത്യൻ സമയം ഇന്ന് പുലർച്ചയോടെ അവസാനിച്ചു.
✍️ എസ്.കെ.
Leave a reply