ഖത്തർ ഫിഫ ലോകകപ്പിൽ നിന്നും അർജന്റീന ടീം തോറ്റു പുറത്താവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അർജന്റൈൻ നായകൻ ലയണല്‍ മെസ്സിയുടെ ഡോക്ടര്‍ ഡീഗോ ഷ്വാര്‍സ്‌റ്റെയ്ന്‍ പറഞ്ഞു. ചെറുപ്പത്തില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവുണ്ടായിരുന്ന മെസ്സിയെ ചികിത്സിച്ചത് ഷ്വാര്‍സ്‌റ്റെയ്‌നായിരുന്നു. മെസ്സിക്ക് ഒമ്പത് വയസ് പ്രായമുള്ളപ്പോഴായിരുന്നു ഇത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കു പിന്നാലെയാണ് മെസ്സിയെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ റിക്രൂട്ട് (2001) ചെയ്യുന്നത്.
ഇപ്പോഴും മെസ്സി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുമുണ്ട്. എന്നിട്ടുപോലും മെസ്സി ലോകകപ്പ് ജയിക്കണമെന്ന് ഷ്വാര്‍സ്‌റ്റെയ്ന്‍ ആഗ്രഹിക്കുന്നില്ല. അതിന് കാരണമോ, അര്‍ജന്റീന സര്‍ക്കാരും. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മോശം തീരുമാനങ്ങള്‍ മറയ്ക്കാന്‍ അര്‍ജന്റീന സര്‍ക്കാര്‍, ലോകകപ്പിലെ ടീമിന്റെ വിജയം ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു. ദ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍, അര്‍ജന്റീന ചാമ്പ്യന്മാരാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു അര്‍ജന്റീനിയന്‍ പൗരനെന്ന നിലയില്‍, ഒരു മനുഷ്യനെന്ന നിലയില്‍, അവര്‍ മൂന്ന് കളികളും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അര്‍ജന്റീനയിലെ ഏകാധിപത്യ സര്‍ക്കാര്‍ അര്‍ജന്റീനിയന്‍ ടീമിന്റെ വിജയം നാട്ടിലെ പല മോശം കാര്യങ്ങളും മറച്ചുവെയ്ക്കാന്‍ ഉപയോഗിക്കും. ആരും ശ്രദ്ധിക്കാത്ത സമയത്ത് ടീം കളിക്കുന്ന ദിവസം അവര്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച പ്രഖ്യാപിക്കും” – ഷ്വാര്‍സ്‌റ്റെയ്ന്‍ പറഞ്ഞു. രാജ്യത്തെ നിരവധി പ്രതിസന്ധികളുടെ സമയത്ത് ജീവിച്ചിട്ടുണ്ടെങ്കിലും നിലവിലെ സ്ഥിതി അതി ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അർജന്റീന ആരാധകർ ദുഃഖിക്കേണ്ടതില്ല; ചരിത്രം ആവർത്തിച്ചാൽ ദേ ഇതായിരിക്കും ഫലം.
Leave a reply