ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു സൂപ്പർ പോരാട്ടം. ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഇന്നു നേർക്കുനേർ എത്തും. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫൊർഡിലാണ് മത്സരം നടക്കുക. ഈ സീസണിൽ ലിവർപൂളും യുണൈറ്റഡും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്.
മികച്ച ഫോമിൽ കുതിപ്പ് തുടരുന്ന ലിവർപൂൾ ഈ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെടാത്ത ഏക ടീമാണ്. ചാംപ്യൻസ് ലീഗിൽ മാഡ്രിഡിലെത്തി അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയ ആത്മവിശ്വാത്തിലാണ് ലിവർപൂൾ ഇന്നു കളത്തിറങ്ങുക. നിലവിൽ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ. ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കിൽ ലിവർപൂളിന് ചെൽസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തു തിരിച്ചെത്താനാവും.
മറുപുറത്ത് അവസാനമായി കളിച്ച ചാംപ്യൻസ് ലീഗ് മത്സരം അറ്റ്ലാന്റായോട് വിജയിച്ചെങ്കിലും പ്രീമിയർ ലീഗിൽ അത്ര മികച്ച ഫോമിലല്ല യുണൈറ്റഡ്. അവസാനമായി കളിച്ച മൂന്ന് മത്സരത്തിൽ ഒന്നിൽ പോലും യുണൈറ്റഡ് വിജയിച്ചിട്ടില്ല. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത യുണൈറ്റഡ് നിലവിൽ ആറാം സ്ഥാനത്താണ്. റൊണാൾഡോ, സാഞ്ചോ, വരാനെ തുടങ്ങി സൂപ്പർ സൈനിംഗുകൾ നടത്തിയ യുണൈറ്റഡിന്റെ മോശം ഫോം കോച്ച് ഒലെയുടെ യുണൈറ്റഡ് ഭാവി സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ് ഈ സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്.
സലായുടെ മിന്നും ഫോമാണ് ലിവര്‍പൂളിന്റെ ഏറ്റവും വലിയ കരുത്ത്. സലാ, മാനെ, ഫിര്‍മീനോ സഖ്യമാകും ഇന്ന് ലിവർപൂളിന്റെ മുന്നേറ്റ നിര. പരിക്കേറ്റ ആന്റണി മാർഷ്യൽ ട്രെയിനിങ് ആരംഭിച്ചെങ്കിലും പരിക്കേറ്റ റാഷ്ഫോര്‍ഡ്, ബ്രൂണോ, ഫ്രെഡ് എന്നിവര്‍ യുണൈറ്റഡ് നിരയിൽ ഉണ്ടാവാൻ സാധ്യത കുറവാണ്.
കഴിഞ്ഞ സീസണിൽ രണ്ട് തവണ ഓൾഡ് ട്രാഫോർഡിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ മത്സരങ്ങൾ വീതം വിജയിച്ചിരുന്നു. നിലവിലെ ഫോം അടിസ്ഥാനമാക്കി ലിവർപൂൾ മത്സരം വിജയിക്കാനാണ് സാധ്യതകൾ കല്പിക്കുന്നതെങ്കിലും, ഏത് നിമിഷവും മത്സരം കൈപ്പിടിയിലൊതുക്കാൻ കഴിവുള്ള ടീമാണ് യുണൈറ്റഡ്. തുല്യ ശക്തികളായ ഇരു ടീമുകളും ഏറ്റുമുട്ടുന്ന സൂപ്പർ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ പ്രേമികൾ.
✍? എസ്.കെ.
Leave a reply