വിജയ വഴിയിൽ യുണൈറ്റഡ്; തലപ്പത്ത് ചെൽസി. അപ്രതീക്ഷിത തോൽവിയുമായി സിറ്റി, സമനിലയിൽ കുടുങ്ങി ലിവർപൂൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നു നടന്നത് വമ്പൻമാരുടെ പോരാട്ടങ്ങൾ. വിജയമറിയാത്ത നാല് മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നു ടോട്ടൻഹാമിനെ പരാജയപ്പെടുത്തി. ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് ജയിച്ചു കയറിയത്. യുണൈറ്റഡിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും, റാഷ്‌ഫോഡും, എഡിസൺ കാവാനിയുമാണ് ഗോളുകൾ നേടിയത്. ഇതോടെ 17 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കെത്താൻ യൂണൈറ്റഡിനായി.

എന്നാൽ ക്രിസ്റ്റൽ പാലസിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള ചെൽസിയുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസമാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. സിറ്റി ഹോം ഗ്രൗണ്ടായ എത്തിഹാദിലായിരുന്നു മത്സരം. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ ക്രിസ്റ്റൽ പാലസിനായി സാഹ ഗോൾ നേടി സിറ്റിയെ വിറപ്പിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വഴങ്ങിയ ഗോളിന് മറുപടി നൽകാൻ സിറ്റി ആക്രമിച്ചു കളിച്ചെങ്കിക്കും മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ ലപോർട്ട ചുവപ്പ് കാർഡ് മേടിച്ചതോടെ സിറ്റി പത്തുപേരിലേക്ക് ചുരുങ്ങി. രണ്ടാം പകുതിയിൽ പത്തുപേരെ വച്ചു കളിക്കേണ്ടി വന്നതും സിറ്റിയുടെ തിരിച്ചുവരവിന് വിലങ്ങുതടിയായി. എൺപത്തിയെട്ടാം മിനുട്ടിൽ ഗല്ലഘർ കൂടെ ക്രിസ്റ്റൽ പാലസിനായി ഗോൾ നേടിയതോടെ ഏകപക്ഷീയമായ രണ്ട് ഗോളിന്റെ പരാജയം സിറ്റി ഏറ്റുവാങ്ങുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ബ്രൈറ്റനുമായി 2-2 സമനില വഴങ്ങേണ്ടി വന്നത് ലിവർപൂളിനും തിരിച്ചടിയായി. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് കണ്ടെത്തിയ ശേഷമാണ് രണ്ടാം പകുതിയിൽ ലിവർപൂളിന് മത്സരം കൈവിട്ടുപോയത്. ലിവർപൂളിനായി മാനെയും, ഹെൻഡേഴ്‌സണുമാണ് ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ മൗപുവും, ട്രോസ്സാർഡുമാണ് ബ്രൈറ്റനുവേണ്ടി മറുപടി ഗോളുകൾ നേടിയത്.

എന്നാൽ തങ്ങളുടെ വിജയകുതിപ്പ് പത്താം ആഴച്ചയിലും തുടർന്ന് ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂകാസിൽ യൂണൈറ്റഡുമായി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ വിജയമാണ് ചെൽസി സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ ചെൽസിയെ പിടിച്ചുകെട്ടാൻ ന്യൂകാസിനായെങ്കിലും രണ്ടാം പകുതിയിൽ ഇരട്ട ഗോളുകളാണ് ചെൽസി താരം റീസ് ജെയിംസ് നേടിയത്. മത്സരത്തിന്റെ അവസാനം ലഭിച്ച പെനാൽറ്റി ജോർജിഞ്ഞോയും ഗോളാക്കി മാറ്റിയതോടെ ചെൽസി 3 ഗോളിന്റെ വിജയം കൈപ്പിടിയിലൊതുക്കി.

ഇന്നു നടന്ന മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റിയെ ആർസനൽ 2-0 സ്കോറിനും, സൗതാംപ്ടൺ വാറ്റ്‌ഫോഡിനെ 1-0നും, ബേൺലി ബ്രെന്റ്‌ഫോഡിനെ 3-1നും പരാജയപ്പെടുത്തി.

നിലവിൽ 10 മത്സരങ്ങളിൽ നിന്നും 25 പോയിന്റുമായി ചെൽസി ഒന്നാം സ്ഥാനത്തും, 22, 20 പോയിന്റുമായി ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും രണ്ടും മൂന്നും സ്ഥാനത്തും തുടരുകയാണ്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply