‘ലവ് യൂ ഒലെ’ മുൻ പരിശീലകൻ ഒലെക്ക് ആദരവുമായി യുണൈറ്റഡ് ആരാധകർ.

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകനും, ഇതിഹാസ താരവുമായ ഒലെക്ക് ആദരവുമായി ആരാധകർ. ഈ ആഴ്ച്ചയിലെ ആർസണലുമായുള്ള മത്സരത്തിലാണ് ആദരവ് നൽകാൻ ആരാധകർ പദ്ധതി ഇടുന്നത്. യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ സ്‌ട്രെറ്റ്ഫോഡ് എൻഡ് എന്നറിയപ്പെടുന്ന സ്റ്റേഡിയത്തിലെ പടിഞ്ഞാറുവശത്തെ സ്റ്റാൻഡിൽ ഒലെക്ക് ആദരവുമായി വലിയൊരു പതാക പ്രദർശിപ്പിക്കാനാണ് ആരാധകരുടെ പദ്ധതി.

കഴിഞ്ഞ മൂന്ന് വർഷത്തോളം ടീമിനെ പരിശീലിപ്പിച്ച ഒലെക്ക് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായില്ല. അതിനാൽ തന്നെ ഏറെ വിമർശനവും, പരിഹാസവും ഈ കാലയളവിൽ ഒലെ ഏറ്റുവാങ്ങിയിരുന്നു. കൂടാതെ ഈ സീസണിൽ ഒലെ പരിശീലിപ്പിച്ച അവസാന മത്സരങ്ങളിൽ ചിരവൈരികളായ ലിവർപൂളിനോടും, മാഞ്ചസ്റ്റർ സിറ്റിയോടുമേറ്റ കനത്ത പരാജയങ്ങളും ഒലെക്ക് തിരിച്ചടിയായി. അവസാന മത്സരത്തിൽ താരതമ്യേന കരുത്തരല്ലാത്ത വാറ്റ്ഫോഡിനോടും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ യുണൈറ്റഡ് ഒലെയെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു.

എന്നാൽ തന്റെ കാലയളവിൽ നടത്തിയ സൈനിംഗുകളിലൂടെ ടീമിന് മികച്ചൊരു സ്‌ക്വാഡിനെ തന്നെ സമ്മാനിച്ചാണ് ഒലെ മടങ്ങിയത്. മുൻ യുണൈറ്റഡ് താരമായ ഒലെ ഇതിഹാസ തുല്യമായ നേട്ടങ്ങൾക്ക് ഉടമയാണ്. 11 വർഷത്തെ തന്റെ കരിയറിൽ 6 പ്രീമിയർ ലീഗ് കിരീടങ്ങളും, ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഒലെ സ്വന്തമാക്കിയിട്ടുണ്ട്.

നവംബർ 21നായിരുന്നു ഒലെയെ ടീം പരിശീലക സ്ഥാനത്തു നിന്നും നീക്കിയത്. തങ്ങളുടെ ഇതിഹാസ താരം കോച്ച് എന്ന നിലയിൽ ഓൾഡ് ട്രാഫോഡിൽ നിന്നും യാത്ര പറയുമ്പോൾ മികച്ച ഒരു യാത്രയപ്പ് നൽകാൻ ആരാധകർക്ക് ആയില്ല. ഒലെയെ പരിശീലക സ്ഥാനത്തു നിന്നും നീക്കിയ ശേഷമുള്ള ആദ്യ ഹോം മത്സരമാണ് ഈ ആഴ്ച്ചയിലേത്. ഈ മത്സരത്തിലാണ് ഒലെക്ക് ആദരവുമായി ആരാധകർ എത്തുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply