ബ്ലാസ്റ്റേഴ്സിന് യാത്രയപ്പ് നൽകി മഞ്ഞപ്പട; ഇതുപോലൊരു ആരാധകരെ ഏതൊരു ടീമും ആഗ്രഹിക്കും.

കേരളത്തിൽ വച്ചുള്ള അവസാന പരിശീലന മത്സരത്തിനായി ഇന്ന് പനംപള്ളി നഗർ ഗ്രൗണ്ടിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചത് മികച്ച ആരാധക പിന്തുണയോടെ. മാർ അതാനാഷ്യസ് ഫുട്ബോൾ അക്കാദമി ടീമിനോടായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട മത്സരം തുടങ്ങുന്നതിനും മണിക്കൂറുകൾ മുന്നേ തന്നെ ടീമിനെയും കാത്ത് ഗ്രൗണ്ടിലെത്തി.

ടീം ബസ്സ് എത്തിയപ്പോൾ കരഘോഷത്തോടെയും, ചാന്റുകൾ പാടിയും ടീമിനെ ഗ്രൗണ്ടിലേക്ക് ആരാധകർ സ്വാഗതം ചെയ്തു. ഗാലറി ഇല്ലാത്ത ഗ്രൗണ്ടിന് പുറത്തു മത്സരം തീരും വരെ കനത്ത മഴയെയും അവഗണിച്ച്, നിന്നുകൊണ്ടാണ് മഞ്ഞപ്പട മത്സരം കണ്ടത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ സീസൺ മുതൽ ഗോവയിൽ ആരാധകർ ഇല്ലാതെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടന്നിരുന്നത്. അതിനാൽ തന്നെ ഏറെ നാളിന് ശേഷം തങ്ങളുടെ ടീമിന്റെ മത്സരം കാണാനായ സന്തോഷത്തിലാണ് മത്സരത്തിനെത്തിയ ആരാധകർ.

നവംബറിൽ ആരംഭിക്കുന്ന ഐ.എസ്.എൽ മത്സരങ്ങൾക്കായി അടുത്ത ദിവസങ്ങളിൽ ടീം ഗോവയിൽ യാത്ര തിരിക്കും. ഈ വർഷം ബ്ലാസ്റ്റേഴ്‌സ് കേരളത്തിൽ കളിക്കുന്ന അവസാന മത്സരമായിരുന്നു ഇന്നത്തേത്. മത്സരശേഷം ടീം അംഗങ്ങൾക്ക് ഐ.എസ്.എൽ മത്സരങ്ങൾക്കായി ആശംസയും, പ്രസ്തമായ വൈക്കിങ് ക്ലാപ് യാത്രയപ്പും മഞ്ഞപ്പട നൽകി.

കളത്തിലെ ഓരോ നീക്കങ്ങൾക്കും ബാന്റുകൾ കൊട്ടി ആഘോഷിച്ച മഞ്ഞപ്പടയ്ക്ക് ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ മിന്നും വിജയവും ബ്ലാസ്റ്റേഴ്‌സ് സമ്മാനിച്ചതോടെ മത്സരം കാണാനെത്തിയ മഞ്ഞപ്പട കൂട്ടം ഇരട്ടി സന്തോഷത്തോടെയാണ് മടങ്ങിയത്.

മത്സരത്തിൽ വിദേശ താരങ്ങളായ ഡയസ്, ലെസ്കോവിച്ച്, വാസ്‌കസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ കണ്ടെത്തിയത്. ഗോവയിൽ എത്തിയ ശേഷം എഫ്.സി. ഗോവയുമായും ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരങ്ങൾക്ക് പദ്ധതി ഇടുന്നുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply