ഫുട്ബോളും ക്രിക്കറ്റും കാണുന്ന ആളാണോ?! എങ്കിൽ ഒക്ടോബർ 24 മറക്കണ്ട. | നിങ്ങളെ കാത്തിരിക്കുന്നത് സൂപ്പർ പോരാട്ടങ്ങൾ

2021 ഒക്ടോബർ 24ന് നടക്കുന്നത് എക്കാലത്തെയും മികച്ച 5 സൂപ്പർ പോരാട്ടങ്ങളാണ്. ക്രിക്കറ്റ് ഫുട്ബോൾ പ്രേമികൾക്ക് ഒരു കാർണിവൽ ദിനമായി ഒക്ടോബർ 24 മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഏതൊക്കെയാണ് ഈ പോരാട്ടങ്ങളെന്ന് പരിശോധിക്കാം:

ഏഴാമത് ഐ.സി.സി. ടി-20 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഇന്ത്യ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇറങ്ങുന്നത് ഒക്ടോബർ 24ന് വൈകിട്ട് 7:30 മണിക്കാണ്. എന്നത്തേയും പോലെ ക്രിക്കറ്റ് മത്സരത്തിനേക്കാൾ രണ്ട് രാജ്യങ്ങളുടെ പോരാട്ടമായി ഈ മത്സരം വ്യാഖ്യാനിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ വീറും വാശിയും കൂടും.

എന്നാൽ ഇന്ത്യ-പാക് ടി-20 മത്സരം ആദ്യ ഇന്നിംഗ്സ് കഴിയുന്ന നേരത്ത് ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഇംഗ്ലണ്ടിൽ ഇതുപോലൊരു പോരാട്ടം ആരംഭിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളായ മാഞ്ചെസ്റ്റർ യുണൈറ്റഡും ലിവർപൂളും യൂണൈറ്റഡിന്റെ ഹോം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഏറെ ചരിത്രം പറയാനുള്ള ഈ റെഡ് vs റെഡ് പോരാട്ടം പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണ്.

അന്നേ ദിവസം തന്നെ സ്പാനിഷ് ലീഗായ ലാ-ലിഗയിൽ എൽക്ലാസിക്കോ മത്സരവും അരങ്ങേറുകയാണ്. ബാഴ്സ-റിയൽ മാഡ്രിഡ് പോരാട്ടം ബാഴ്സയുടെ ഹോം സ്റ്റേഡിയത്തിലാണ് നടക്കുക. മത്സര സമയം പ്രഖ്യാപിച്ചിട്ടില്ല. അതുപോലെ ഇറ്റാലിയൻ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്റസ് ഇന്റർമിലാനെയും, ഫ്രഞ്ച് ലീഗിൽ മെസ്സി,നെയ്മർ സൂപ്പർ താരങ്ങളുടെ പി.എസ്.ജി മാർസെല്ലെയെയും നേരിടും. ഈ മത്സരങ്ങളുടെ സമയ ക്രമവും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

നാല് ഫുട്ബോൾ ലീഗുകളിലെയും ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളോടൊപ്പം ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം കൂടെ ചേരുമ്പോൾ ഒക്ടോബർ 24 കളിപ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രിയായി മാറും. കാത്തിരിക്കാം ആവേശ പോരാട്ടങ്ങൾക്കായി.

  • – ✍️എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply