മെസ്സിയുടെ മാന്ത്രിക ബൂട്ടുകൾ ഇനി പാരിസിൽ ചലിക്കും

അഭ്യൂഹങ്ങൾക്ക് വിരാമം! അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജി സ്വന്തമാക്കി. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ ആണ് ഇക്കാര്യം സ്ഥിരീകരിച്ച വാർത്ത പുറത്ത് വിട്ടത്. രണ്ട് വർഷത്തെ കരാറിലാണ് ബാഴ്സിലോണയിൽ നിന്ന് മെസ്സി പിഎസ്ജിയിൽ ചേരുന്നത്. ആവശ്യമെങ്കിൽ 2024 വരെ ദീർഘിപ്പിക്കാനുള്ള അവസരവും കരാറിലുണ്ട്. ഏകദേശം 35 മില്ല്യൺ യൂറോ ആണ് ഒരു സീസണിൽ ക്ലബ്ബ് മെസ്സി ക്ക് ഓഫർ ചെയ്തിരിക്കുന്നത്. ഖത്തർ സ്പോർട്സ് ഇൻവസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജി മെസ്സിയെ സ്വന്തമാക്കാൻ പ്രത്യേക സാമ്പത്തിക പദ്ധതി തയ്യാറാക്കിയിരുന്നു. മെസ്സിയെ നോട്ടമിട്ടിരുന്ന ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി അവസരം മുതലെടുത്ത് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇതോടെ മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമായി.

കരിയറിലുടനീളം ബാഴ്സ ജഴ്സിയിൽ കളിച്ച മെസ്സി പൊട്ടിക്കരഞ്ഞാണ് ക്യാമ്പ് നൗ വിട്ടത്. കഴിഞ്ഞ വർഷം താരം ടീം വിട്ടേക്കുമെന്ന് വാർത്തകൾ ഉയർന്നിരുന്നു. പക്ഷേ, മെസ്സി ബാർസയ്ക്കൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു . മെസ്സി ബാഴ്സ വിട്ട് പോവുകയില്ലെന്ന് വിശ്വസിച്ച ആരാധകർ കടുത്ത നിരാശയിലാണ്. ലാ ലിഗയിലെ സാമ്പത്തിക ചട്ടങ്ങളാണ് മെസ്സി ബാഴ്സിലോണയിൽ തുടരുന്നതിന് തിരിച്ചടിയായത്. ബാഴ്സയുടെ കുപ്പായത്തിൽ 778 മത്സരങ്ങൾക്കായി കളത്തിലിറങ്ങിയ മെസ്സി ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്സയ്ക്കായി നേടി.

സൂപ്പർ താരങ്ങളായ നെയ്മറുടെയും എം ബപ്പെയുടെയും സ്പാനിഷ് താരം റാമോസിന്റെയും സാന്നിധ്യമുള്ള ക്ലബ്ബിലേക്ക് മെസ്സി കൂടി എത്തുന്നതോടെ ഏറെ ശക്തരാവും പിഎസ്ജി . നെയ്മർ – മെസ്സി – എംബപ്പെ മുന്നേറ്റ ത്രയത്തിന്റെ കളിക്കളത്തിലെ മാന്ത്രികത കാണാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.

  • ✍️ജുമാന ഹസീൻ കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply