കരിയറിൽ മറ്റൊരു ചരിത്രത്തിനു തൊട്ടരികെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ക്ലബ് ഫുട്‌ബോളിൽ 700 ഗോൾ എന്ന നാഴികക്കല്ലാണ് സൂപ്പർ താരം പിന്നിടാനിരിക്കുന്നത്. ഫ്രഞ്ച് ലീഗിൽ ഞായറാഴ്ച ലില്ല ഒ.എസ്.സിക്കെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടെ 699 എന്ന സംഖ്യയിലെത്തിയിരിക്കുകയാണ് താരം.
നെയ്മർ, എംബാപ്പെ തുടങ്ങിയവർ ഇറങ്ങിയ ലില്ലയ്‌ക്കെതിരായ മത്സരം സമനിലയിൽ പിരിയാനിരിക്കെയായിരുന്നു അധികസമയത്ത് ടീമിന്റെ രക്ഷകനായി മെസി എത്തിയത്. 95-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് താരം നേടിയ ഗോളിന്റെ കരുത്തിൽ മൂന്നിനെതിരെ നാല് ഗോളിനാണ് ലില്ലയെ പി.എസ്.ജി തോൽപിച്ചത്. മത്സരത്തിൽ മൂന്ന് ഗോൾ അവസരം തുറക്കുകയും ചെയ്തിരുന്നു മെസി.
ഒരു ഗോൾകൂടി നേടിയാൽ 700 എന്ന മാന്ത്രികസംഖ്യ കടക്കും മെസി. യൂറോപ്പിലെ പ്രമുഖ ഫുട്‌ബോൾ ലീഗുകളിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവുമാകും അദ്ദേഹം. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്.
മാഴ്‌സെയ്‌ക്കെതിരെ അടുത്തയാഴ്ച നടക്കുന്ന പി.എസ്.ജിയുടെ എവേ മത്സരത്തിൽ മെസി ഈയൊരു നേട്ടം സ്വന്തമാക്കാനിടയുണ്ട്. നേരത്തെ മാഴ്‌സെയിൽനിന്ന് ഏറ്റുവാങ്ങിയ ഞെട്ടിപ്പിക്കുന്ന തോൽവിക്ക് കണക്കുതീർക്കാൻ ഉറച്ചാകും പി.എസ്.ജി മത്സരത്തിനിറങ്ങുക.
Leave a reply