മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ? പുതിയ റിപ്പോർട്ടുകൾ വന്നു തുടങ്ങി

മെസ്സിയും ബാഴ്സയും വഴി പിരിയുന്നു എന്ന വാർത്ത ഇന്നലെ രാത്രി ക്ലബ് ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ മെസ്സി പ്രീമിയർ ലീഗ് ചാമ്പ്യൻ ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുമെന്ന പഴയ അഭ്യൂഹങ്ങൾ വീണ്ടും സജീവമായിരുന്നു. ഇന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ലപോർട്ട പത്ര സമ്മേളനത്തിലൂടെ മെസ്സിയുമായി വഴി പിരിയേണ്ടി വന്നതിന്റെ കൂടുതൽ വസ്തുതകൾ വ്യക്തമാക്കുകയും, നിലവിലെ സാഹചര്യത്തിൽ മെസ്സിയെ ടീമിൽ നിലനിർത്തുക എന്നത് സ്വപ്നം മാത്രമാണെന്ന് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെ മെസ്സിയുടെ പുതിയ ടീം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നു തുടങ്ങി.

പി.എസ്.ജി മെസ്സിയെ സ്വന്തമാക്കുമെന്ന് വാർത്തകൾ നിലവിൽ ഉണ്ടെങ്കിലും ഇപ്പോൾ ഫ്രഞ്ച് മാധ്യമം Le10Sport റിപ്പോർട്ട് ചെയ്യുന്നത് മെസ്സിക്ക് സിറ്റി ഫുട്ബോൾ ഗ്രൂപ്പ് പുതിയ ഓഫർ നൽകിയിരിക്കുന്നു എന്നതാണ്. 3 വർഷത്തെ ഓഫറിൽ ആദ്യ 2 വർഷം മാഞ്ചസ്റ്റർ സിറ്റിയിലും തുടർന്ന് ഒരു വർഷം സിറ്റി ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള മേജർ സോക്കർ ലീഗിലെ ന്യൂ യോർക്ക് സിറ്റിയിലും കളിക്കാനുള്ള അവസരമാണ് സിറ്റി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് Le10 റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയുടെ ചുവട് പിടിച്ച് മറ്റു മാധ്യമങ്ങളും റിപ്പോർട്ടുകൾ നൽകി തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം വിശ്വാസയോഗ്യമാണെന്നത് വരും മണിക്കൂറുകളിൽ വ്യക്തമാവും.

  • – എസ്.കെ
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply