സ്പെയിനിന്റെ ഹൃദയം തകർത്ത മൊറോക്കൻ ഗോളിക്ക് കേരള ബ്ലാസ്റ്റേഴ്സും, കൊച്ചിയുമായൊരു ബന്ധമുണ്ട്.

ഖത്തർ ലോകകപ്പിലെ അവസാന പ്രിക്വാർട്ടർ മത്സര ദിനത്തിൽ ഇന്നലെ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിന്റെ രണ്ടു കിക്കുകൾ തടുത്തിട്ട് മൊറോക്കൻ ജനതയ്ക്ക് ഹീറോയായി മാറിയ ഗോൾ കീപ്പർ യാസിൻ ബൗനോ മുൻപ് കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കളിച്ച താരമാണ്. 2018-19 സീസണിൽ കൊച്ചിയിൽ വച്ചു നടന്ന കേരള ബ്ലാസ്റ്റേഴ്സും, മെൽബൺ സിറ്റിയും, ജിറോണ എഫ്.സിയും പങ്കെടുത്ത പ്രി-സീസൺ ടൂർണ്ണമെന്റിൽ ജേതാക്കളായ ജിറോണ എഫ്.സിയുടെ ഗോൾ കീപ്പറായിരുന്നു അന്നു യാസിൻ ബൗനോ. അന്നു കൊച്ചി സ്റ്റേഡിയത്തിൽ കളിക്കണ്ട പലർക്കും ഇന്നലെ സ്പെയിനിന്റെ ഗോൾ ശ്രമങ്ങൾ തട്ടി അകറ്റിയ മൊറോക്കൻ ഗോൾ കീപ്പറെ കണ്ടപ്പോൾ ഒരു മുഖ പരിചയം തോന്നിയതിന് പിന്നിലെ കാരണം ഇതാണ്.

നിലവില്‍ ലാലിഗയിലെ സെവിയയുടെ ഗോൾ കീപ്പറാണു ബൗനോ. 31 വയസ്സുകാരനായ താരം കാനഡയിലെ മോൺട്രിയലിലാണു ജനിച്ചത്. മൊറോക്കോ ക്ലബ് വൈദാദ് എസി, അത്‌ലറ്റികോ മഡ്രിഡ്, റിയല്‍ സറഗോസ ടീമുകൾക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇന്നലെ പ്രി-ക്വാർട്ടറിൽ നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താനാവാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്. ഷൂട്ട്ഔട്ടിൽ 3-0 സ്കോറിനാണ് മൊറോക്കോ വിജയം പിടിച്ചത്. സ്പെയിനെടുത്ത രണ്ടു കിക്കുകൾ യാസിൻ തട്ടി അകറ്റിയപ്പോൾ, ഒരു കിക്ക് പോസ്റ്റിൽ തട്ടി അകലുകയായിരുന്നു.

What’s your Reaction?
+1
134
+1
78
+1
69
+1
233
+1
98
+1
59
+1
58

Leave a reply