കഴിഞ്ഞ സീസൺ ഐ.എസ്.എൽ ഗോൾഡൻ ബൂട്ട് ജേതാവ് ഇഗോർ അംഗുലോയെ മുംബൈ സിറ്റി ടീമിലെത്തിച്ചു. മുപ്പത്തിയേഴുകാരനായ സ്പാനിഷ് സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ എഫ്.സി.ഗോവയെ സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ്. ടൂർണ്ണമെന്റിലുടനീളം 14 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സ്‌ട്രൈക്കറാണ് ഇഗോർ. ഒഡിഷ എഫ്.സി ഇഗോറിനെ സ്വന്തമാക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ മുംബൈ സിറ്റി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. ടീം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇഗോർ മുംബൈയിലെത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാം.
കഴിഞ്ഞ സീസൺ ലീഗ് വിന്നേഴ്സ് ഷീൽഡും, ഐ.എസ്.ൽ ട്രോഫിയും സ്വന്തമാക്കിയ മുംബൈയുടെ മുന്നേറ്റ താരങ്ങളായ ഓഗ്‌ബച്ചേയും, ആദം ല ഫോന്ദ്രയും മറ്റു ടീമുകളിലേക്ക് ചേക്കേറിയതിനാൽ ഇത്തവണ സിറ്റിയുടെ മുന്നേറ്റനിര ഇഗോർ നയിക്കും. മുംബൈ സിറ്റിയുടെ ഈ സീസണിലെ ആദ്യ വിദേശ സൈനിങ്ങാണ് ഇഗോർ അംഗുലോ. ഇത് കൂടാതെ പുതുതായി മൂന്ന് വിദേശ താരങ്ങളെ കൂടെ മുംബൈ ടീമിലെത്തിക്കുമെന്ന് സൂചനയുണ്ട്. നിലവിൽ മുംബൈയിലുള്ള വിദേശ പ്രതിരോധ താരം മൊർതാദാ ഫാളും, മിഡ്‌ഫീൽഡർ അഹമ്മദ് ജാഹുവും ഈ സീസണിലും ടീമിൽ തുടരും.
– എസ്.കെ
Leave a reply