ഇന്ത്യൻ ഫുട്ബോളിൽ മറ്റൊരു വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകരായ FSDL (ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ്). ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃകയിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന ഒരു U21/റിസർവ് ലീഗ് എന്ന ആശയമാണ് ഐ എസ് എൽ ക്ലബ്ബുകൾക്ക് മുൻപായി വെച്ചിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിലെ ഒഫീഷ്യൽസും FSDL മായി നടന്ന ചർച്ചയിലാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടു വരുന്നത്.
തങ്ങൾ യുവതാരങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രതിജ്ഞാബദ്ധരാണെന്നും കോവിഡ് മഹാമാരി മൂലം പ്രൊഫഷണൽ ലീഗുകൾക്ക് പുറമെ മറ്റുള്ള ലീഗുകൾ പരിമിതമാണെന്നും FSDL വിലയിരുത്തി. ഈയൊരു സാഹചര്യത്തിലാണ് ഇങ്ങനെയൊരു ലീഗ് പ്രാവർത്തികമാക്കാനുള്ള ആലോചനകൾ സജീവമാകുന്നത്.
നിലവിൽ ഓരോ ISL ടീമിലും കുറഞ്ഞത് 4 ഡെവലപ്മെന്റൽ (2000 ജനുവരി 1 നു ശേഷം ജനിച്ച) കളിക്കാർ വേണമെന്ന നിബന്ധനയുണ്ട്. ഇതിൽ, കുറഞ്ഞത് രണ്ടുപേരെങ്കിലും മത്സരദിവസത്തെ സ്ക്വാഡിലും ഉണ്ടായിരിക്കണം എന്നും നിർദ്ദേശിച്ചിരുന്നു. എങ്കിലും ഇത്തരം കളിക്കാർക്ക് കൂടുതൽ മത്സരസമയം ലഭിക്കുന്നതിനു വേണ്ടിയിട്ടാണ് പുതിയ ലീഗ് നടത്താൻ FSDL തയ്യാറെടുക്കുന്നത്. ISL മാതൃകയിൽ തന്നെ ഗോവയിൽ വെച്ച് ബയോ ബബിളിലാവും മത്സരങ്ങൾ നടക്കുക. ISL ലെ പോലെ തന്നെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഈ ടൂര്ണമെന്റും നടത്തപ്പെടുക. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിന് വേണ്ടിയാണെങ്കിലും U21 താരങ്ങൾക്ക് പുറമെ റിസർവ് ടീമിലെയും താരങ്ങൾക്ക് കളിക്കാൻ അവസരമുണ്ടാകും. U17 ലോകകപ്പിലും U16 ഏഷ്യൻ ചാംപ്യൻഷിപ്പിലും മത്സരിച്ച താരങ്ങൾ മിക്ക ടീമുകളിലെയും സ്ഥിരസാന്നിധ്യമായി മാറുന്നത് നമ്മൾ കണ്ടതാണ്. ഈ സീസണിലെ എമർജിങ് കളിക്കാരനായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലാലെങ്മാവിയ (APUIA), കേരളാ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെ. പി, ജീക്സൺ സിംഗ്, ആയുഷ് അധികാരി, ഹൈദരബാദ് താരങ്ങളായ ആശിഷ് റായ്, ആകാശ് മിശ്ര, FC ഗോവ താരം ധീരജ് സിംഗ്, അമർജിത് കിയാം എന്നിവർ ഉദാഹരണങ്ങളാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള ക്ലബ്ബുകൾ കഴിഞ്ഞ സീസണിൽ തന്നെ ISL ലെ മത്സരശേഷം കളിക്കാൻ അവസരം കിട്ടാത്ത താരങ്ങളെ വെച്ച് പരിശീലന മത്സരങ്ങൾ കളിച്ചിരുന്നു. ഒട്ടുമിക്ക ക്ലബ്ബുകൾക്കും U21 ലീഗിനോട് അനുകൂല സമീപനമാണെങ്കിലും ചിലവ് ഒരു പ്രധാന വെല്ലുവിളിയാണ്. 80 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ് ഓരോ ടീമിന്റെയും ചിലവായി കണക്കാക്കുന്നത്. ആയതിനാൽ നിലവിലെ സാഹചര്യം വെച്ച് ക്ലബ്ബുകൾ ലീഗിന് സമ്മതംമൂളുമോ എന്ന് കാത്തിരുന്നുകാണാം.
Leave a reply