120100 ഡോളർ നഷ്ടപരിഹാരം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് | ഓസ്വാൾഡോക്കെതിരെ ഫിഫയെ സമീപിച്ചു.

കൊളംബിയൻ പ്രതിരോധനിര താരം ഓസ്വാൾഡോ ഹെൻഡ്രിക്‌സിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫിഫയെ സമീപിച്ചു. കഴിഞ്ഞ സീസണിൽ കരാർ ഒപ്പുവച്ച താരം ഇന്ത്യയിൽ എത്താതെ കരാറിൽ നിന്നും പിന്മാറിയതിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ഫിഫയെ സമീപിച്ചത്. തുടർന്ന് ഇരു ഭാഗങ്ങളുടെയും വിശദീകരണം തേടിയ ഫിഫ 120100 അമേരിക്കൻ ഡോളർ നഷ്ടപരിഹാരമായി ഓസ്വാൾഡോ ഹെൻഡ്രികസ് കേരള ബ്ലാസ്റ്റേഴ്‌സിന് നൽകണമെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. കൂടാതെ ഈ പിഴ തുക നൽകുന്നത് വരെ 5% വാർഷിക പലിശ നഷ്ടപരിഹാരമായി നൽകാനുമാണ് ഫിഫ അറിയിച്ചത്.

2020 സെപ്റ്റംബർ മുതൽ 2021 മെയ് വരെ ആയിരുന്നു താരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പു വച്ചത്. ആവശ്യമെങ്കിൽ വീണ്ടും ഒരു വർഷത്തേക്ക് കരാർ ദീർഘിപ്പിക്കാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ടായിരുന്നു. ശേഷം കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വിക്കുന ടീമിലെ താരങ്ങൾക്കായി നടത്തിയ ഓൺലൈൻ കോച്ചിങ് സെഷനിൽ ഉൾപ്പെടെ പങ്കെടുത്ത ഓസ്വാൾഡോ ഇന്ത്യയിൽ എത്തുംമുമ്പ് തന്നെ കരാറിൽ നിന്നു പിന്മാറുകയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉണ്ടായ കോവിഡ് കേസുകളുടെ വർധനവാണ് താരത്തെ ഇന്ത്യയിൽ എത്തുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്. ജൂലൈയിൽ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഉപേക്ഷിച്ച ഓസ്വാൾഡോ തുടർന്ന് ഓഗസ്റ്റിൽ തന്നെ ഇസ്രേയലി ക്ലബ്ബായ ബേനി സക്നിൻ എഫ്.സിയിൽ ചേരുകയാണ് ഉണ്ടായത്.

അടുത്ത 45 ദിവസത്തിനകം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപരിഹാര തുക നൽകണം എന്നാണ് ഫിഫ താരത്തെ അറിയിച്ചത്. തുക നൽകാൻ വൈകിയാൽ താരത്തിന് വിലക്ക് ഉൾപ്പെടെ നേരിടേണ്ടി വന്നേക്കാം.

എന്നാൽ വിധിക്കെതിരെ താരം ഫിഫക്ക് അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വരാൻ ടീം ടിക്കറ്റ് നൽകിയില്ല എന്ന വാദവും താരം ഉയർത്തിയിട്ടുണ്ട്. പിഴ തുക ഒഴിവാക്കുന്നതിന്റെ കൂടെ കരാർ പാലിക്കാത്ത കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മുൻപ് കരാറിൽ പറഞ്ഞ ശമ്പളം തനിക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് താരത്തിന്റെ അപ്പീൽ.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply