‘മെസ്സിയേക്കാള്‍ മികച്ചത് ക്രിസ്റ്റ്യാനോയെന്ന് പറയുന്നവര്‍ക്ക് ഫുട്ബാളിനെക്കുറിച്ച്‌ ഒരു ചുക്കുമറിയില്ല’: ബാസ്റ്റണ്‍.

ഇതിഹാസ താരം ലയണല്‍ മെസ്സി കളത്തില്‍ പോരാളിയല്ലെന്ന് പറഞ്ഞത് വിവാദമായി ദിവസങ്ങള്‍ക്കകം താരത്തെ പ്രകീര്‍ത്തിച്ച്‌ മുൻ ഡച്ച്‌ ഫുട്ബാളർ മാര്‍കോ വാന്‍ ബാസ്റ്റണ്‍ രംഗത്ത്. ഫുട്ബാള്‍ ചരിത്രം കണ്ട ഏറ്റവും മികച്ച മൂന്നു താരങ്ങളില്‍ മെസ്സിയെ ഉള്‍പെടുത്താനും നെതര്‍ലാന്‍ഡ്സ് ടീമിന്റെയും എ.സി മിലാന്റെ വിഖ്യാത താരമായിരുന്ന വാന്‍ ബാസ്റ്റണ്‍ തയാറായിരുന്നില്ല. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഏഴു തവണ കരസ്ഥമാക്കിയ മെസ്സിയെ ഒഴിവാക്കി ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നു കളിക്കാരായി വാന്‍ ബാസ്റ്റണ്‍ മുൻപ് ചൂണ്ടിക്കാട്ടിയത് പെലെ, ​മറഡോണ, യോഹാന്‍ ക്രൈഫ് എന്നിവരെയാണ്. ടീമിനെ മുന്നില്‍നിന്ന് നയിക്കുന്ന പോരാളിയല്ല മെസ്സിയെന്നും അര്‍ജന്റീനാ ടീമില്‍ ഡീഗോ മറഡോണയെപ്പോലെ വ്യക്തിഗത സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നുമടക്കമുള്ള വാന്‍ ബാസ്റ്റണിന്റെ പരാമര്‍ശങ്ങള്‍ ഫുട്ബാള്‍ ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

എന്നാൽ ഇപ്പോൾ മെസ്സിയെ പ്രശംസിച്ച്‌ രംഗത്തെത്തുകയാണ് വാന്‍ ബാസ്റ്റണ്‍. മെസ്സിയേക്കാള്‍ മികച്ചവനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് പറയുന്നവര്‍ക്ക് ഫുട്ബാളിനെക്കുറിച്ച്‌ ഒരു ചുക്കുമറിയില്ലെന്നാണ് വാന്‍ ബാസ്റ്റൺ പറയുന്നത്.
​”ക്രിസ്റ്റ്യാനോ മഹാനായ കളിക്കാരനാണ്. എന്നാല്‍, മെസ്സിയേക്കാളും മികച്ച താരമാണെന്ന് പറയാനേ കഴിയില്ല. അങ്ങനെ പറയുന്നവര്‍ തെറ്റായ വിശ്വാസത്താലാണ് അതു ചെയ്യുന്നത്. മെസ്സി അതുല്യനാണ്. അനുകരിക്കാനോ ആവര്‍ത്തിക്കാനോ ഒട്ടും കഴിയാത്തൊരാള്‍. അമ്പതോ നൂറോ വര്‍ഷം കൂടുമ്പോഴാണ് അത്തരത്തിലൊരു കളിക്കാരന്‍ പ്രത്യക്ഷപ്പെടുക. കുഞ്ഞായിരിക്കുമ്പോൾ തന്നെ ഫുട്ബാള്‍ ഇതിഹാസത്തിലേക്കുള്ള മെസ്സിയുടെ വളര്‍ച്ചക്ക് തുടക്കമായിരുന്നു”- ഇറ്റാലിയന്‍ കായിക ദിനപത്രമായ ‘കൊറീറേ ഡെല്ലോ സ്​പോര്‍ട്ടി’ന് നല്‍കിയ അഭിമുഖത്തില്‍ വാന്‍ ബാസ്റ്റണ്‍ വിശദീകരിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply