മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ അവസാന വർഷ കരാറിൽ എത്തിനിൽക്കുന്ന ഫ്രഞ്ച് താരം പോൾ
പോഗ്ബ ലിവർപൂളിലേക്കെന്ന സൂചനകൾ സജീവമായി തുടങ്ങി. സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ ആദ്യ ആഴ്ച്ചകളിൽ ഫ്രഞ്ച് ടീമായ പി.സ്.ജിയിലേക്ക് താരം എത്തുമെന്ന വാർത്തകളായിരുന്നു മുന്നിലെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ലിവർപൂൾ കൂടെ ചിത്രത്തിലേക്ക് വന്നിരിക്കുകയാണ്. എന്നാൽ പോഗ്ബയോ യുണൈറ്റഡ് കോച്ച് ഓലെയോ പോഗ്ബ ട്രാൻസ്ഫെറിനെ പറ്റി ഇതുവരെ ഒന്നും വ്യതമാക്കിയിട്ടില്ല.
ജാഡൻ സാഞ്ചോ, വരാനെ തുടങ്ങി ഈ സീസണിലെ മികച്ച ട്രാൻസ്ഫറുകൾ നടത്തിയിരിക്കുന്ന യുണൈറ്റഡ് അത്ലറ്റികോ മാഡ്രിഡ് ഇംഗ്ലീഷ് താരം ട്രിപ്പിയറെ കൂടെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റ താരങ്ങളായ ഹാരി കെയ്ൻ, ജാക്ക് ഗ്രീലിഷ് എന്നിവർക്കായുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആസ്റ്റൺ വില്ല ക്യാപ്റ്റനും 4 വർഷ കരാറും ബാക്കിയുള്ള ഗ്രീലിഷിനെ ടീമിലെത്തിക്കുക പ്രയാസമേറിയ കാര്യമാണെങ്കിലും സിറ്റി ശ്രമം ഉപേക്ഷിച്ചിട്ടില്ല. പോർച്ചുഗൽ യുവ ലെഫ്റ്റ് ബാക്ക് നുനോ മെൻഡസിനെയും സിറ്റി ലക്ഷ്യം വെക്കുന്നുണ്ട്.
ചെൽസി മികച്ചൊരു സ്‌ട്രൈക്കറെയാണ് ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം അന്വേഷിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ചെൽസിയുടെ ശ്രമങ്ങളൊന്നും ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ല. ലുക്കാകു, ലെവൻഡോസ്‌കി തുടങ്ങിയ താരങ്ങൾക്കായുള്ള ശ്രമങ്ങൾ ചെൽസി നടത്തിയിരുന്നെങ്കിലും ഈ ട്രാൻസ്ഫെറുകൾ നടക്കാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് ഇതുവരെ വരുന്ന സൂചനകൾ. ഡോർട്മുണ്ട് താരം ഹാലണ്ടായിരുന്നു ചെൽസിയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെങ്കിലും അതും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. നാളെ ട്രാൻസ്ഫർ വിൻഡോ അവസാന മാസത്തിലേക്ക് കടക്കുന്നതോടെ ടീമുകളുടെ ഭാഗത്തു നിന്നും കൂടുതൽ പ്രതികരണങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
- – എസ്.കെ
Leave a reply