മെസ്സിയുടെ പി.എസ്.ജി ജേഴ്‌സി നമ്പർ എത്ര ?! സാധ്യതകൾ പരിശോധിക്കാം

തന്റെ 17 വർഷത്തെ ബാഴ്സലോണ കരിയറിന് ശേഷം ലയണൽ മെസ്സി ഫ്രഞ്ച് ടീമായ പി.എസ്.ജിയിലേക്ക് എത്തുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇന്ത്യൻ സമയം ഇന്ന് വൈകിട്ടോടെ മെസ്സി പാരിസിൽ എത്തിച്ചേർന്നിട്ടുണ്ട്. മെഡിക്കൽ നടപടി ക്രമങ്ങളും മറ്റു പേപ്പർ വർക്കുകളും പൂർത്തിയാക്കിയ ശേഷം പി.എസ്.ജി ഉടൻ തന്നെ താരത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നമ്പർ 10 ജേഴ്സിയിലാണ് മെസ്സി തന്റെ കരിയറിൽ ഉടനീളം പന്തു തട്ടിയത്. മെസ്സി ആരാധകരുടെ മനസ്സിൽ നമ്പർ 10 എന്നാൽ ലയണൽ മെസ്സി എന്ന ഒരൊറ്റ പെരുമാത്രമേ ഉള്ളൂ. എന്നാൽ പി.എസ്.ജിയിൽ നിലവിൽ സൂപ്പർ താരം നെയ്മറാണ് നമ്പർ 10 ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മെസ്സി ഏത് ജേഴ്‌സി നമ്പർ ഉപയോഗിക്കും എന്നത് സംബന്ധിച്ച ചൂടേറിയ ചർച്ചകളാണ് ആരാധകർക്കിടയിൽ നടക്കുന്നത്. പലരുടെയും മനസ്സിൽ മെസ്സി നമ്പർ 10 മാത്രമേ ഉപയോഗിച്ചതായി ഓർമ്മയുള്ളൂ എങ്കിലും മെസ്സി തന്റെ കരിയറിന്റെ തുടക്കകാലത്ത് മറ്റു നമ്പറുകളും ഉപയോഗിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം.

ബാഴ്‌സലോണയിൽ നമ്പർ 30 ജേഴ്‌സിയിലായിരുന്നു മെസ്സിയുടെ അരങ്ങേറ്റം. പിന്നീട് രണ്ട്‌ വർഷങ്ങൾക്ക് ശേഷം ഫെർണാണ്ടോ നെവാറോ ടീമിൽ നിന്നും പോയശേഷം മെസ്സി അദ്ദേഹം ഉപയോഗിച്ചിരുന്ന നമ്പർ 19ൽ രണ്ട് വർഷം കൂടെ കളി തുടർന്നു. അതിനുശേഷം ബ്രസീലിയൻ ഇതിഹാസം റൊണാൾഡിഞ്ഞോ എ.സി.മിലാനിലേക്ക് ടീം മാറിയപ്പോഴാണ് 2008 മുതൽ മെസ്സി പ്രശസ്തമായ തന്റെ നമ്പർ 10 അണിയുന്നത്.

നെയ്മർ തന്റെ പത്താം നമ്പർ മെസ്സിക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചെന്നും, മെസ്സി അത് സ്നേഹപൂർവ്വം നിരസിച്ചെന്നും വിവിധ മാധ്യമങ്ങൾ നിലവിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മെസ്സി തന്റെ ബാഴ്സ അരങ്ങേറ്റ ജേഴ്‌സിയായ നമ്പർ 30യോ അല്ലെങ്കിൽ പിന്നീട് ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പർ 19 തന്നെയോ തിരഞ്ഞെടുക്കാനാണ് സാധ്യതകൾ. എന്നാൽ ‘ലയണൽ മെസ്സി നമ്പർ-10’ എന്നത്തിന്റെ ചുരുക്ക നാമമായ ‘LM10’ എന്നറിയപ്പെടുന്ന ഇതിഹാസ താരം മെസ്സിക്ക് പി.എസ്.ജി നമ്പർ 10 തന്നെ നൽകുമോ എന്നറിയാൻ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണം.

  • ✍️ എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply