നവംബർ 19ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി ഗോവയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു രണ്ടാം പരിശീലന മത്സരത്തിനിറങ്ങി. ചെന്നൈയിൻ എഫ്.സിയുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സലാം രഞ്ജൻ സിങിലൂടെ ചെന്നൈയിൻ എഫ്.സി ലീഡ് കണ്ടെത്തിയെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ കണ്ടെത്തിയത് പൂയ്ടിയയാണ്. ആദ്യ പകുതിയിൽ 1-1 സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ രണ്ടാം പകുതിയിൽ സഹൽ അബ്ദുൽ സമദ് നൽകിയ അസ്സിസ്റ്റിലൂടെ ഉറുഗ്വേയൻ താരം ആഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്.
നേരത്തെ ഗോവയിലെത്തിയ ആദ്യ ആഴ്ച്ചയിൽ തന്നെ എഫ്.സി.ഗോവയുമായി ഒരു മത്സരം നിശ്ചയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ആ മത്സരം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കോവിഡ് സുരക്ഷാ മാനദണ്ഡമായ ബയോ ബബിളിൽ പ്രവേശിക്കുന്നതിനായി ടീം ക്വാറന്റൈനിലേക്ക് കടന്നു. ഇതിനു ശേഷം നടന്ന ആദ്യ പരിശീലന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. മലയാളി താരം പ്രശാന്തും, സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോയും നേടിയ ഗോളിൽ 2-1 സ്കോറിനായിരുന്നു അന്നും ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇനി നവംബർ 9, 12 തിയ്യതികളിൽ ജംഷഡ്‌പൂർ എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലന മത്സരങ്ങൾ.
✍? എസ്.കെ.
Leave a reply