അടി, തിരിച്ചടി ! ലിവർപൂൾ-സിറ്റി പോരാട്ടം സമനിലയിൽ | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴാം ആഴ്ചയിലെ അവസാന മത്സരം സമനിലയിൽ. ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി പോരാട്ടമാണ് സമനിലയിൽ കലാശിച്ചത്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി.

ആവേശകരമായ മത്സരത്തിൽ ആദ്യപകുതിയിൽ മാഞ്ചസ്റ്റർ സിറ്റി പൂർണ്ണാധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ കണ്ടെത്താനായില്ല. എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ ഉണർന്നു കളിച്ചു. ആദ്യപകുതിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് ശക്തമായി ആക്രമിച്ചു കളിച്ച ലിവർപൂൾ സാദിയോ മനേയിലൂടെ ആദ്യ ഗോൾ നേടി. എന്നാൽ പത്ത് മിനുറ്റിനകം ഫിൽ ഫോഡൻ സിറ്റിക്കായി സമനില ഗോൾ കണ്ടെത്തി.

തുടർന്ന് സിറ്റി പ്രതിരോധം കീറിമുറിച്ച് സലാഹ് വീണ്ടും ലിവർപൂളിനായി ലീഡ് കണ്ടെത്തി. പക്ഷെ അഞ്ചു മിനുറ്റിനകം കെവിൻ ഡിബ്രൂയിനയിലൂടെ സിറ്റി വീണ്ടും സമനില പിടിച്ചു. തുടർന്നുള്ള സമയത്ത് ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമിനുമായില്ല.

ഇന്നു നടന്ന മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം ആസ്റ്റൺ വില്ലയെയും, ബ്രെന്റഫോഡ് വെസ്റ്റ്ഹാമിനെയും 2-1 സ്കോറിന് പരാജയപ്പെടുത്തി. ക്രിസ്റ്റൽ പാലസ് ലെസ്റ്റർ സിറ്റി മത്സരം 2-2 സമനിലയിലും കലാശിച്ചു.

ഇതോടെ ഏഴ് ആഴ്ച്ചകൾ പിന്നിടുമ്പോൾ 16 പോയിന്റോടെ ചെൽസിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 15 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply