2022 വേൾഡ് കപ്പ് ഖത്തറിൽ നടക്കാനിരിക്കെ ചില രസകരമായ വസ്തുതകളാണ് മെസ്സി ആരാധകർ ചർച്ച ചെയ്യുന്നത്. കരിയറിൽ എല്ലാം സ്വന്തമാക്കിയ ഇതിഹാസ താരം മെസ്സിക്ക് ഒരു ഇന്റർനാഷണൽ ട്രോഫി ഇല്ല എന്നതായിരുന്നു ഇത്രയും കാലം ആരാധകരെ വിഷമിപ്പിച്ച ഒരു കാര്യം. എന്നാൽ ഈ വർഷം നടന്ന കോപ്പ അമേരിക്ക അർജന്റീന സ്വന്തമാക്കിയതിലൂടെ ഒരു ഇന്റർനാഷണൽ ട്രോഫി എന്ന സ്വപ്നം മെസ്സിയും, മെസ്സി ആരാധകരും സ്വന്തമാക്കി.
അടുത്തതായി ആരാധകരുടെ ആഗ്രഹം മെസ്സി ഒരു വേൾഡ് കപ്പ് നേടുക എന്നതാണ്. അപ്പോഴാണ് ചില പി.എസ്.ജി കണക്കുകൾ കടന്നു വരുന്നത്. 2001ലാണ് ബ്രസീൽ ഇതിഹാസം റൊണാൾഡിഞ്ഞോ ബ്രസീലിയൻ ടീമായ ഗ്രിമിയോയിൽ നിന്നും ഫ്രഞ്ച് ടീമായ പി.എസ്.ജിയിലേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം നടന്ന കൊറിയ-ജപ്പാൻ ഫിഫ വേൾഡ് കപ്പ് ബ്രസീലിലൂടെ റൊണാൾഡിഞ്ഞോ നേടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിനെ അനുസ്മരിപ്പിക്കും വിധം 2017ൽ മൊണാക്കോ എഫ്.സിയിൽ നിന്നും പി.എസ്.ജിയിൽ എത്തിയ ഫ്രഞ്ച് യുവതാരം എംബാപ്പെയും അടുത്ത വർഷം നടന്ന റഷ്യ വേൾഡ് കപ്പ് സ്വന്തമാക്കി.
ഇതേ നേട്ടം ഇപ്പോൾ ബാഴ്സയിൽ നിന്നും പി.എസ്.ജിയിൽ എത്തിയ മെസ്സിക്ക് അടുത്ത വർഷം നടക്കുന്ന ഖത്തർ വേൾഡ് കപ്പിൽ നേടാനാവുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഇത്തരം രസകരമായ കണക്കുകൾ ഫുട്ബോൾ ലോകത്ത് നിരന്തരം ചർച്ചയാവാറുണ്ട്. ചിലതൊക്കെ കണക്കുകൾ അനുസരിച്ച് സംഭവിക്കാറുമുണ്ട്. എന്നാൽ റൊണാൾഡിഞ്ഞോയും, എംബാപ്പെയും പി.എസ്.ജിയിൽ എത്തി അടുത്ത വർഷം വേൾഡ് കപ്പ് സ്വന്തമാക്കിയ പോലെ മെസ്സിയും ചരിത്രം ആവർത്തിക്കുമോ എന്നറിയാൻ 2022 ഖത്തർ വേൾഡ് കപ്പ് വരെ കാത്തിരിക്കുകയല്ലാതെ വേറെ നിർവാഹമില്ല.
കോപ്പ അമേരിക്ക നേടിയ ആത്മവിശ്വാസത്തിൽ വേൾഡ് കപ്പിന് എത്തുന്ന അർജന്റീനയ്ക്ക് ഖത്തർ വേൾഡ് കപ്പ് ഏറെ പ്രതീക്ഷകളുടേതാണ്.
-✍️ എസ്.കെ.
Leave a reply