ചാമ്പ്യന്‍സ് ലീഗ് നേടാതെ പി എസ് ജി വിടില്ല; പാരീസില്‍ തുടരാനുറച്ച് നെയ്മര്‍

ഫ്രഞ്ച് ക്ലബ് പി എസ്‌ ജിയിൽ തുടരാനാണ് ബ്രസീൽ സൂപ്പര്‍താരം നെയ്മറിന്‍റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. അടുത്ത ട്രാൻസ്ഫര്‍ ജാലകത്തിൽ താരത്തെ ക്ലബ് വിറ്റേക്കുമെന്ന വാര്‍ത്തകൾക്കിടെയാണ് നെയ്മറിന്‍റെ പുതിയ തീരുമാനം. 2017ൽ ബാഴ്സലോണയിൽ നിന്ന് അന്നത്തെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മര്‍ ജൂനിയറെ പി എസ്‌ ജി റാഞ്ചിയത്.112 മത്സരങ്ങളിൽ പി എസ്‌ ജിക്കായി കളിച്ച താരം 82 ഗോളും നേടി.

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയുടെ വരവോടെ നെയ്മര്‍ക്ക് ക്ലബിലിപ്പോൾ രണ്ടാം സ്ഥാനമേ ഉള്ളൂ. നെയ്മര്‍ എംബപ്പെ തര്‍ക്കത്തിലും ഫ്രഞ്ച് താരത്തിന് ഒപ്പമായിരുന്നു ക്ലബ്. അടുത്തിടെ സ്പോര്‍ട്ടിംഗ് ഡയറക്ടറുമായും നെയ്മര്‍  കോര്‍ത്തതോടെ താരത്തെ വിറ്റൊഴിവാക്കാനുള്ള വഴികൾ ആലോചിച്ചു തുടങ്ങി പി എസ്‌ ജി. ചെൽസി അടക്കമുള്ള ടീമുകൾക്ക് നെയ്മറിൽ താൽ പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്‍റെ കരാര്‍ അവസാനിക്കുന്നത് വരെ പിഎസ്‌ജിയിൽ തന്നെ തുടരാനാണ് നെയ്മറുടെ പുതിയ തീരുമാനമെന്നാണ് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2027 വരെ കരാറുള്ള നെയ്മര്‍ ചാംപ്യൻസ് ലീഗ് നേടിക്കൊടുത്തേ ക്ലബ് വിടുകയുള്ളൂവെന്ന തീരുമാനത്തിലാണത്ര. നെയ്മറിന്‍റെ അടുത്ത സുഹൃത്തായ ലിയോണൽ മെസി ഈ സീസണിനൊടുവിൽ പി എസ്‌ ജി വിട്ടാലും ക്ലബിൽ തുടരാനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന്‍റെ തീരുമാനം.

നെയ്മറുടെ മികവിൽ പി എസ്‌ ജിക്ക് ഒരിക്കൽ ചാംപ്യൻസ്  ലീഗ് ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാനായില്ല. എന്നാൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് ടീം. പക്ഷെ സ്വന്തം മൈതാനത്ത് നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബയേണിനോട് ഒരു ഗോളിന് തോറ്റത് പി എസ് ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. രണ്ടാം പാദത്തില്‍ ബയേണിന്‍റെ മൈതാനത്ത് രണ്ട് ഗോള്‍ വ്യത്യാസത്തിസ്‍ ജയം നേടിയാലെ പി എസ് ജിക്ക് ക്വാര്‍ട്ടറിലെത്താനാവു.

ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണയും കിരീടം നേടാനായില്ലെങ്കില്‍ എംബാപ്പെയെ പിണക്കി നെയ്മറെ ക്ലബിൽ തുടരാൻ പിഎസ്‌ജി അനുവദിക്കുമോയെന്നതും കണ്ടറിയണം. നേരത്തെ കരാര്‍ പുതുക്കാൻ നെയ്മറെ വിൽക്കണമെന്നതടക്കമുള്ള നിബന്ധനകൾ എംബാപ്പെ മുന്നോട്ടു വെച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകൾ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply