ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്‌ഘാടന മത്സര ദിനമായ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് അണിഞ്ഞ ജേഴ്‌സി നിർമ്മിച്ചതാരെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നു. ഈ വർഷം ബ്ലാസ്റ്റേഴ്‌സ് ജേഴ്സി നിർമ്മിക്കുന്ന ഔദ്യോഗിക കിറ്റ് പാർട്ണർ സിക്സ്5സിക്സ് എന്ന കമ്പനിയാണ്. പക്ഷെ ആദ്യ മത്സരത്തിനുള്ള ജേഴ്സി നിർമ്മിച്ചത് കഴിഞ്ഞ വർഷത്തെ ബ്ലാസ്റ്റേഴ്‌സ് കിറ്റ് പാർട്ണർ റെയോർ സ്പോർട്സ് ആണെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ ചിലർ ഉയർത്തുന്നത്. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട് സിക്സ്5സിക്സ് ഇന്നലെ ഒരു ട്വീറ്റ് ഇടുകയുണ്ടായി. ഇതോടെ വിവാദം ചൂടുപിടിപ്പിച്ചുകൊണ്ട് റെയോർ സ്പോർട്സ് ട്വീറ്റിന് മറുപടിയായി എത്തുകയായിരുന്നു.
“ആദ്യ മത്സരത്തിനുള്ള കിറ്റ് നിർമ്മിച്ചത് ആരാണെന്ന സത്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് റെയോർ സ്പോർട്സ് പ്രതികരിച്ചത്.
Hope "TRUTH PREVAILS OF WHO MADE THE FIRST MATCH KITS ," At the least.
— Reyaur Sports (@reyaursports) November 20, 2021
ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ധരിച്ച ഷോർട്ട്സിന്റെ ചെറിയ നിറവ്യത്യാസമായിരുന്നു ആരാധകർക്കിടയിൽ സംശയത്തിന് ഇടയാക്കിയത്. എന്നാൽ ഞങ്ങളുടെ തുടർന്നുള്ള പരിശോധനയിൽ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ധരിച്ച ഷർട്ടിലും ഒരു വ്യത്യാസം കാണുകയുണ്ടായി.
ഈ വർഷം ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ ജേഴ്‌സിയുടെ അടിവശം ഇംഗ്ലീഷ് അക്ഷരം U മാതൃകയിൽ ഉള്ളതായിരുന്നു. എന്നാൽ ഇന്നലെ താരങ്ങൾ കളത്തിലണിഞ്ഞ ജേഴ്സിയുടെ അടിവശം സാധാരണ ഗതിയിലുള്ള ഒന്നായിരുന്നു .
കൂടാതെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ വർഷം ധരിച്ച ഷോർട്ട്സിന്റെ പിറക് വശത്തുള്ള ഒരു ഡിസൈൻ ഇന്നലെ ടീം ധരിച്ച ജേഴ്‌സിയിൽ മറ്റൊരു നിറത്തിൽ കാണാം. ഇത്തവണ ഇറക്കിയ ജേഴ്സിയുടെ പിറക് വശത്തെ ചിത്രം ലഭ്യമല്ലാത്തതിനാൽ തന്നെ ഈ ഡിസൈൻ കഴിഞ്ഞ വർഷത്തെയാണോ, അതോ ഇത്തവണയും ഈ ഡിസൈൻ ഉണ്ടോ എന്നത് വ്യക്തമല്ല. എന്നാൽ ഷർട്ടിലും, ഷോർട്ട്സിലുമുള്ള മറ്റു ഡിസൈനുകളെല്ലാം ഇത്തവണ പുറത്തിറക്കിയ മാതൃകയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.
എന്നാൽ ഞങ്ങളുടെ പരിശോധനയിൽ ടീം പുറത്തിറക്കിയ ഡിസൈനും, ടീം ഇന്നലെ ധരിച്ച കിറ്റും തമ്മിൽ ഈ പറഞ്ഞ വ്യത്യാസം പ്രകടമാണ്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരുമെന്ന് കരുതാം.
✍? എസ്.കെ.
Leave a reply