ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസ് വിടുന്നു എന്ന കാര്യത്തിൽ തീരുമാനമായി. റൊണാൾഡൊ ടീം വിടുമെന്ന വാർത്തകൾ കുറച്ചു നാളുകളായി പ്രചരിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡിലേക്കോ, പി.എസ്.ജിയിലേക്കോ താരമെത്തുമെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും ഈ ട്രാൻസ്ഫെറുകൾ നടന്നില്ല. തുടർന്ന് തന്റെ അവസാന വർഷ യുവന്റസ് കരാറിൽ എത്തിനിൽക്കുന്ന റൊണാൾഡൊ യുവന്റസിൽ തുടരും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ ഇന്നലെയോടെ റൊണാൾഡൊ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്ന വാർത്തകൾ സജീവമായി തുടങ്ങി. റൊണാൾഡൊ കരാറിന് സമ്മതം അറിയിച്ചെന്നും, സിറ്റിയും യുവന്റസും തമ്മിൽ ട്രാൻസ്ഫർ ഫീ സംബന്ധിച്ച കാര്യങ്ങളിൽ മാത്രമെ തീരുമാനമാവാൻ ബാക്കിയുള്ളൂ എന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഔദ്യോഗികമായി ഒരു പ്രതികരണവും ഇരുഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.
എന്നാൽ നാളെ നടക്കേണ്ട യുവന്റസ്-എംപോളി മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിനിടെ യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രി റൊണാൾഡൊ ടീം വിടുമെന്ന കാര്യം സ്ഥിതീകരിച്ചു. റൊണാൾഡൊക്ക് ഉടൻ യുവന്റസ് വിടണമെന്ന് അദ്ദേഹം തന്നെ അറിയിച്ചതായി കോച്ച് വെളിപ്പെടുത്തി. അതുകൊണ്ടാണ് റൊണാൾഡൊ ഇന്നത്തെ പരിശീലനത്തിൽ ഇല്ലായിരുന്നതെന്നും, നാളത്തെ മത്സരത്തിൽ റൊണാൾഡൊ ഉണ്ടാവില്ലെന്നും അല്ലെഗ്രി വ്യക്തമാക്കി.
റൊണാൾഡൊ സിറ്റിയിലേക്ക് എത്തുമെന്ന വാർത്തകൾ ഇപ്പോഴും സജീവമാണെങ്കിലും ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരും ഇന്നു മുതൽ റൊണാൾഡൊ വാർത്തകളിൽ സജീവമായി തുടങ്ങിയതോടെ താരം ഏത് ടീമിലേക്കാണ് എത്തുകയെന്നത് കൗതുകത്തോടെ നോക്കികാണുകയാണ് ഫുട്ബോൾ പ്രേമികൾ. റൊണാൾഡൊ ഇന്ന് തന്നെ ഇറ്റലി വിടുകയാണെന്നും, വരും മണിക്കൂറിൽ താരത്തിന്റെ പുതിയ ടീം സംബന്ധിച്ച സ്ഥിതീകരണം ഉണ്ടാവുമെന്നും റിപോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ട്.
✍️ എസ്.കെ.
Leave a reply