മെസ്സി, റൊണാൾഡോ, നെയ്മർ; സ്വപ്ന ടീം യാഥാർഥ്യമാവാൻ സാധ്യത.

ലോകത്തിൽ വളരെയേറെ ആരാധകരുള്ള മൂന്ന് ഫുട്ബോൾ താരങ്ങളാണ് മെസ്സിയും, റൊണാൾഡോയും, നെയ്മറും. ഇവർ ഒന്നിച്ച് ഒരു ടീമിനായി കളിക്കുക എന്നത് ഈ ആരാധകരുടെ എന്നപോലെ പല ഫുട്ബോൾ പ്രേമികളുടെയും ഒരു സ്വപ്നമാണ്. നെയ്മറും മെസ്സിയും ബാഴ്‌സലോണയിൽ ഒന്നിച്ച് കളിച്ചിട്ടുണ്ട്. ഇപ്പോൾ ബാഴ്സയുമായി വേർപിരിഞ്ഞ മെസ്സി പി.എസ്.ജിയിൽ എത്തിയതോടെ വീണ്ടും ആ കൂട്ട്കെട്ട് കാണാനാവും. എന്നാൽ ഇവരോടൊപ്പം റൊണാൾഡോ കൂടെ ചേരുന്ന ഒരു മുന്നേറ്റ നിര വീണ്ടും ചർച്ചയായിട്ട് ദിവസങ്ങളായി. ആ പ്രതീക്ഷകൾക്കാണ് ഇപ്പോൾ ചിറക്മുളകുന്നത്.

സ്പാനിഷ് മാധ്യമമായ എ.എസ് സോക്കറിന്റെ റിപ്പോർട്ട് പ്രകാരം അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡോയെ പി.എസ്.ജി ലക്ഷ്യമിടുന്നുണ്ട്. പി.എസ്.ജിയുടെ ഫ്രഞ്ച് താരം എംബാപ്പെയുടെ കരാർ ഈ വർഷത്തോടെ അവസാനിക്കുകയാണ്. എംബാപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും അത് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ കരാർ അവസാനിക്കുന്നതോടെ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നും, അതോടെ യുവെന്റ്‌സുമായുള്ള കരാർ അവസാനിക്കുന്ന റൊണാൾഡോയെ പി.എസ്.ജി ടീമിൽ എത്തിക്കും എന്നുമാണ് എ.എസ് റിപ്പോർട്ട് ചെയ്തത്.

എ.എസ് റിപ്പോർട്ട് ശരിയാവുകയാണെങ്കിൽ ഇതിഹാസ താരങ്ങളെല്ലാം ഒരു ടീമിനായി ഒന്നിച്ച് കളിക്കുന്ന കാഴ്ച്ച വിദൂരമല്ല. റൊണാൾഡോയും മെസ്സിയും നെയ്മറും ചേരുന്ന ആ സ്വപ്ന ടീമിനായുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് അതോടെ ഫലം കണ്ടേക്കാം.

  • -✍️എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply