സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ കളി തുടരുമെന്ന് അൽനസ്ർ കോച്ച് റൂഡി ഗാർസിയ. അൽനസ്ർ കുപ്പായത്തിൽ താരം അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയാണ് റൂഡിയുടെ പ്രതികരണം. “ക്രിസ്റ്റ്യാനോയെ ടീമിൽ എത്തിച്ചത് ഗുണപരമായൊരു കാര്യമാണ്. എതിർ പ്രതിരോധനിരയെ തകർക്കാൻ താരം സഹായിക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. അൽ-നസ്‌റിൽ ക്രിസ്റ്റ്യാനോ കരിയർ അവസാനിപ്പിക്കില്ല. അദ്ദേഹം യൂറോപ്പിലേക്ക് മടങ്ങും.” -റൂഡി ഗാർസിയ വെളിപ്പെടുത്തിയതായി ‘സ്‌കൈ സ്‌പോർട്‌സ്’ റിപ്പോർട്ട് ചെയ്തു.
അൽനസ്‌റിനു വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ ഒരു ഗോളും കണ്ടെത്താനായിട്ടില്ല. നേരത്തെ ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ അടങ്ങുന്ന പി.എസ്.ജിയും ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള അൽഹിലാൽ-അൽനസ്ർ സംയുക്ത ടീമും സൗഹൃദ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോ രണ്ടു ഗോളടിച്ചെങ്കിലും, നാലിനെതിരെ അഞ്ചു ഗോളിന് പി.എസ്.ജി ജയം പിടിച്ചു.
ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽനസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളറാണ് (ഏകദേശം 1,950 കോടി രൂപ) റോണോക്ക് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം. രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽനസ്ർ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്.
Leave a reply