ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഫുട്ബോൾ ചാംപ്യൻഷിപ്പായ സാഫ് കപ്പ് ഇന്ത്യയ്ക്ക്. ഇന്ന് നടന്ന ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ നേപ്പാളിനെ തകർത്തത്. ഇത് എട്ടാം തവണയാണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കുന്നത്.
49–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടിയത്. 50–ാം മിനിറ്റിൽ സുരേഷ് സിങ്ങും 90+1–ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഗോൾ നേടി. അവസാന നിമിഷങ്ങളിൽ ആശ്വാസ ഗോളിനായി നേപ്പാൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇന്ത്യൻ ടീം പരിശീലകനെന്ന നിലയിൽ ക്രൊയേഷ്യൻ കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ആദ്യ ട്രോഫിയാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്കായിരുന്നു. എങ്കിലും ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്നു ഗോളുകളും പിറന്നത്.
ടൂർണമെന്റിൽ ഛേത്രിയുടെ അഞ്ചാം ഗോളായിരുന്നു ഇന്നത്തേത്. ഇതോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം എൺപതായി. ഈ ഗോളോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ മെസ്സിക്കൊപ്പമെത്താനും ഛേത്രിക്ക് സാധിച്ചു.
സഹൽ അബ്ദുൽ സമദ് ഇന്ത്യക്കായി നേടുന്ന ആദ്യ ഗോളെന്ന പ്രത്യേകതയും ഇന്നത്തെ ഇന്ത്യയുടെ മൂന്നാം ഗോളിനുണ്ട്.
1993, 1997, 1999, 2005, 2009, 2011,2015 എന്നീ വർഷങ്ങളിലാണ് ഇതിനു മുമ്പ് ഇന്ത്യ സാഫ് കിരീടം നേടിയിട്ടുള്ളത്
✍? എസ്.കെ.
Leave a reply