കോസ്റ്റാറിക്കയെ ഗോൾ മഴയിൽ മുക്കി സ്പെയിൻ; ലൂച്ചോയുടെ പിള്ളേർ ജയിച്ചുകേറിയത് എതിരില്ലാത്ത ഏഴ് ഗോളുകൾക്ക്!

ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ തകർത്തെറിഞ്ഞ് സ്പെയിൻ. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ലാ റോഹകൾ വിജയം നേടിയെടുത്തത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളുകളോടൊപ്പം ഡാനി ഓൽമോയുടെയും അസെൻസിയോയുടെയും ഗാവിയുടെയും കാർലോസ് സോളരിന്റെയും അൽവരോ മോറാട്ടയുടെയും ഗോളുകളാണ് സ്പെയിനിന്റെ അനായാസ ജയത്തിനുപിന്നിൽ.

 

കളിയുടെ തുടക്കം മുതൽ പന്തിന്മേലുള്ള ആധിപത്യം സ്ഥാപിച്ചെടുത്ത സ്പെയിൻ അവസാന നിമിഷം വരെ അത് തുടർന്നു. നിരന്തരമായുള്ള സ്പെയിനിന്റെ അറ്റാക്കുകളിൽനിന്ന് തന്നെ വ്യകതമായിരുന്നു അവരുടെ പദ്ധതി. ആദ്യ ഘട്ടത്തിൽ ചെറുത്തുനിന്നെങ്കിലും കെയ്ലർ നവാസിന്റെ കോസ്റ്റാറികയ്ക്ക് വൈകാതെ അടിയറവ് പറയേണ്ടിവന്നു. പതിനൊന്നാം മിനുട്ടിലാണ് സ്പെയിൻ ആദ്യ പ്രഹരമേല്പിക്കുന്നത്. ഗാവി ഉയർത്തികൊടുത്ത പന്ത് കൃത്യമായി സ്വീകരിച്ച ഓൽമോ ഒരു പിഴവും വരുത്താതെ വലയിൽ നിക്ഷേപിച്ചു. കൃത്യം പത്ത് മിനുട്ടുകൾക്ക് ശേഷം അസെൻസിയോയുടെ തകർപ്പനടിയും കോസ്റ്റാറിക്കൻ വല തുളച്ചു. അവിടം കൊണ്ടും നിർത്താൻ ഉദ്ദേശമില്ലാതിരുന്ന സ്പെയിൻ പത്ത് മിനിറ്റ് ഇടവേളക്ക് ശേഷം ഫെറാൻ ടോറസിലൂടെ ലീഡ് ഉയർത്തി. ജോർഡി ആൽബയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ഫെറാൻ ഗോളാക്കിയത്. ആദ്യപകുതിക്ക് പിരിയുമ്പോൾ 3 ഗോളുകളുടെ ലീഡിലായിരുന്നു സ്പെയിൻ. ഈ ഒരൊറ്റ പകുതിയിൽ സ്പെയിൻ നടത്തിയ പാസ്സുകളുടെ എണ്ണം 500+ ആയിരുന്നു!

 

രണ്ടാം പകുതിയും വ്യത്യസ്ഥമായിരുന്നില്ല. സ്പെയിൻ തങ്ങളുടെ തനത് ശൈലിയിൽ ആക്രമണം തുടർന്നപ്പോൾ കോസ്റ്റാറിക്കയ്ക്ക് പലപ്പോഴും അടിതെറ്റി. അൻപത്തിയാറാം മിനുട്ടിൽ ഫെറാൻ തന്റെ രണ്ടാമത്തെ ഗോളും നേടി. പിന്നീടങ്ങോട്ട് ഊഴമെടുത്ത കാത്തുനിന്ന സ്പെയിൻ താരങ്ങൾ ഓരോരുത്തരായി ഗോൾ നേടിക്കൊണ്ടിരുന്നു. സ്പെയിൻ നിരയിലെ പ്രായം കുറഞ്ഞ താരമായ ഗാവി 75ആം മിനുട്ടിൽ അവരുടെ അഞ്ചാം ഗോൾ നേടിയപ്പോൾ കാർലോസ് സോളർ ആറാം ഗോൾ നേടി. പകരക്കാരനായി വന്ന അൽവരോ മോറാട്ട ഇഞ്ചുറി ടൈമിൽ നേടിയ ഗോൾ കൂടെ ആയതോടെ ആധികാരികമായ വിജയം സ്പെയിൻ നേടിയെടുത്തു. ആയിരം പാസ്സുകൾ പൂർത്തീകരിച്ച സ്പെയിൻ എതിരാളികളെസമസ്ത മേഖലകളിലും നിലംപരിശാക്കിയാണ് ഈ വിജയം നേടിയത്.

What’s your Reaction?
+1
1
+1
0
+1
3
+1
1
+1
1
+1
2
+1
1

Leave a reply