കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം ശ്രീകുട്ടൻ ഗോകുലം കേരളയിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം ശ്രീകുട്ടനെ ഗോകുലം കേരള എഫ്.സി ടീമിലെത്തിക്കുന്നു. വരുന്ന ഐ-ലീഗ് സീസൺ ലക്ഷ്യം വച്ചാണ് താരത്തെ ഗോകുലം ടീമിലെത്തിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് ശ്രീക്കുട്ടൻ ഗോകുലത്തിലേക്കെത്തുന്നത്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇതിനോടകം തന്നെ കരാർ പൂർത്തിയായി കഴിഞ്ഞു. ടീമുകളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാം.

എഫ്.സി.കേരള, അഹമ്മദാബാദ് റാക്കറ്റ് അക്കാദമി ഫുട്ബോൾ ക്ലബ് തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്ന ശ്രീക്കുട്ടൻ 2020-21 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ എത്തുന്നത്. തുടർന്ന് ഈ വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് ടീമിലും, ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള പരിശീലന ക്യാമ്പിലും ശ്രീകുട്ടന് അവസരം ലഭിച്ചിരുന്നു. പക്ഷെ ഐ.എസ്.എല്ലിനായി ഗോവയിലേക്ക് പുറപ്പെട്ട ബ്ലാസ്റ്റേഴ്‌സിന്റെ അവസാന സ്‌ക്വാഡിൽ ശ്രീകുട്ടന് അവസരം ലഭിച്ചിരുന്നില്ല.

പക്ഷെ താരത്തിന് കൂടുതൽ മത്സര സമയം ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടെയാണ് ശ്രീകുട്ടനെ ഐ-ലീഗ് ടീമായ ഗോകുലം കേരള എഫ്.സിക്ക് ലോൺ അടിസ്ഥാനത്തിൽ നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാവുന്നത്. വലത് വിങ്ങിൽ കൂടുതലായി കളിക്കുന്ന താരം, ഇടത് വിങ്, സെന്റർ ഫോർവേഡ് തുടങ്ങിയ സ്ഥാനങ്ങളിലും കളിക്കാറുണ്ട്. വിങ്ങുകളിലൂടെ അതിവേഗം പന്തുമായി കുതിക്കാനാവും എന്നതാണ് ശ്രീകുട്ടന്റെ കളിമികവ്. താരത്തിന്റെ വേഗത തങ്ങൾക്കും മുതൽകൂട്ടാവും എന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള എഫ്.സി ശ്രീകുട്ടനെ ടീമിലെത്തിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply