ശ്രീക്കുട്ടൻ വി എസ്, ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ നിരീക്ഷകർക്കും ആരാധകർക്കും സുപരിചിതനായ കളിക്കാരൻ. വിങ്ങുകളിലൂടെയുള്ള വേഗതയേറിയ മൂന്നേറ്റങ്ങൾ കൊണ്ട് എതിരാളികൾക്ക് മേൽ കടുത്ത സമ്മർദം ചെലുത്തുന്ന പ്രതിഭയാണ് ഈ യുവതാരം. ഇട തൂർന്ന പ്രതിരോധത്തിനിടയിലൂടെയും ഡ്രിബ്ൾ ചെയ്ത് മുന്നേറാനുള്ള ശ്രീക്കുട്ടന്റെ കഴിവ് ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. ഒരു ഫുട്ബോൾ പ്ലയർക്ക്, പ്രത്യേകിച്ച് ഒരു വിങ്ങർക്ക് വേണ്ട ഏറ്റവും പ്രധാന ഘടകങ്ങളിലാെന്നായ വേഗത കൊണ്ടും ഏറെ അനുഗ്രഹിക്കപ്പെട്ട താരമാണ് ശ്രീക്കുട്ടൻ.
സന്തോഷ് – ലതിക ഭമ്പതികളുടെ രണ്ട് മക്കളിൾ മൂത്തയാളായ ശ്രീക്കുട്ടന്റെ ജന്മദേശം തൃശൂരിലെ തലോറാണ്. അനിയൻ സഞ്ജയ്യും പ്രഫഷണൽ ഫുട്ബോൾ താരമാണ്.
ഇപ്പോൾ സെന്റ് തോമസ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിയാണ് സഞ്ജയ്.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ തലോർ ദീപ്തി എച്ച്എസ്എസ് ലൂടെ ആണ് ശ്രീക്കുട്ടൻ തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. ഫുട്ബോളിന് വലിയ പ്രാധാന്യം നൽകുന്ന ദീപ്തിയിൽ തന്നെയാണ് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കുന്നതും. അവിടെ കോച്ച് ആയിരുന്ന ആനന്ദ് ബാബു സർ ആണ് ആശാൻ. ഏകദേശം പന്ത്രണ്ട് വർഷത്തോളമായി അദ്ദേഹത്തിൻറെ കീഴിലാണ് ശിക്ഷണം. സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ശ്രീക്കുട്ടന് കളിയാവശ്യത്തിനായുള്ളതെല്ലാം ചെയ്ത് കൊടുത്തത് ആനന്ദ് ബാബു സാറും ദീപ്തി എച്ച് എസ് എസുമാണ്. ഹയർസെക്കൻഡറി കാലഘട്ടത്തിൽ സ്റ്റേറ്റ് ലെവൽ സുബ്രതോ മുഖർജി ടൂർണമെന്റിൽ കളിച്ച സ്കൂൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു അന്ന് ശ്രീക്കുട്ടൻ. താൻ പന്ത് തട്ടി തുടങ്ങിയ ദീപ്തിയാണ് തൻറെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് ശ്രീക്കുട്ടൻ പറയുന്നു.
ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ബിരുദപഠനത്തിനായി ശ്രീക്കുട്ടൻ തൃശൂർ സെൻറ് തോമസ് കോളേജിൽ ചേർന്നു. അവിടെയും ആനന്ദ് ബാബു സർ തന്നെയായിരുന്നു പരിശീലകൻ. അദ്ദേഹത്തിൻറെ കീഴിൽ ആദ്യവർഷം തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കപ്പ് നേടി. രണ്ടാം വർഷവും സെൻറ് തോമസ് കോളേജ് ഡി സോൺ കപ്പ് നിലനിർത്തി. അതിന് ശേഷമാണ് സതീവൻ ബാലൻ സർ കോച്ച് ആയിരുന്ന യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടുന്നത്. സീനിയർ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ തൃശൂർ ടീമിലും അംഗമായിരുന്നു ശ്രീക്കുട്ടൻ.
യൂണിവേഴ്സിറ്റി ടീമിലുണ്ടായിരുന്ന അഞ്ച് പേർക്ക് 2018ൽ സതീവൻ ബാലൻ സാറിന് കീഴിലുള്ള ഇരുപതംഗ കേരള സന്തോഷ് ട്രോഫി ടീമിൽ അവസരം ലഭിച്ചു. അതിലൊരാൾ തൃശൂരിലെ ഈ പ്രതിഭാശാലിയായിരുന്നു. ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെ ഫൈനൽ വരെ എത്തുകയും രാഹുൽ വി രാജ് ക്യാപ്റ്റനായിരുന്ന കേരള ടീം സന്തോഷ് ട്രോഫി ജേതാക്കളാവുകയും ചെയ്തു. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീക്കുട്ടൻ കേരളത്തിനായി ഒരു ഗോൾ നേടുകയുമുണ്ടായി.
സന്തോഷ് ട്രോഫി വിജയത്തിന് ശേഷം ഒരു വർഷത്തോളം കെഎസ്ഇബിക്ക് വേണ്ടി ഗസ്റ്റ് പ്ലയറായി ശ്രീക്കുട്ടൻ കളത്തിലിറങ്ങി. അതിന് ശേഷമാണ് സ്വന്തം നാട്ടിലെ ക്ലബ്ബായ എഫ്സി കേരളയ്ക്കായി ബൂട്ടണിയുന്നത്. ഐ ലീഗ് സെക്കന്റ് ഡിവിഷനിലും കെ പി എല്ലിലും എഫ്സി കേരളയ്ക്കായി ശ്രീക്കുട്ടൻ പന്ത് തട്ടി. ആറ് മത്സരങ്ങളിൽ എഫ് സി കേരളയ്ക്കൊപ്പം കളത്തിലിറങ്ങിയപ്പോൾ ശ്രീക്കുട്ടൻ തന്റെ ഇപ്പോഴത്തെ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെതിരെ ഒരു ഗോൾ നേടി. ശേഷം എഫ് സി കേരളയിൽ നിന്ന് അഹമ്മദാബാദിലെ ARA FC യിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറി. 2020 ഐ ലീഗ് ക്വാളിഫയേഴ്സിൽ ARA FC യോടൊപ്പം കളിച്ചു.
എഫ് സി കേരള കോച്ച് ആയിരുന്ന ടി ജി പുരുഷോത്തമൻ സർ ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ കോച്ചായി വന്നപ്പോൾ ശ്രീക്കുട്ടനെ സൈൻ ചെയ്തു. ബ്ലാസ്റ്റേഴ്സിനായി അത്യുഗ്രൻ പ്രകടനമാണ് ശ്രീക്കുട്ടൻ കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും ശ്രീക്കുട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിൽ എംഎ എഫ് എ യ്ക്കെതിരെയും കോവളം എഫ് സി ക്കെതിരെയും കിടിലൻ ഗോളുകൾ നേടി, രണ്ട് അസിസ്റ്റുകളുമുണ്ട് പേരിൽ. മാർ അതനാസിയിന് എതിരെ ഗോൾ നേടിയതിന് ശേഷമുള്ള ഹാലാന്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള സെലിബ്രേഷൻ ജനശ്രദ്ധ നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആകർഷണീയമായ പ്രകടനത്തോടെ ആയിരക്കണക്കിന് വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ ഈ പതിമൂന്നാം നമ്പറുകാരൻ കയറിപ്പറ്റി.
സന്തോഷ് ട്രോഫി ജേതാക്കളായ ടീമിലെ 11 പേർക്ക് സർക്കാർ ജോലി നൽകിയതോടെ ശ്രീക്കുട്ടനും ജോലി ലഭിച്ചു. എജ്യുക്കേഷൻ ഡിപാർട്മെന്റിലെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ അദ്ദേഹം. കെപിഎല്ലിലെ മികച്ച പ്രകടനത്തോടെ അടുത്ത സീസണിന് മുന്നോടിയായി നടക്കുന്ന പ്രീ സീസൺ സ്ക്വാഡിൽ ശ്രീക്കുട്ടൻ ഇടം നേടിയിരിക്കുയാണ്. ഡ്രിബ്ലിങ്ങ് സ്കില്ലിനും വേഗതയ്ക്കുമൊപ്പം ബോൾ കൺട്രോളിങ്ങും ശാരീരിക ക്ഷമതയും കൂടി മെച്ചപ്പെടുന്നതോടെ ശ്രീക്കുട്ടന് ISL ക്വാളിറ്റിയുള്ള പ്ലയർ ആ കുവാൻ സാധിക്കും. അതിന് വേണ്ടിയുള്ള കഠിന പ്രയത്നത്തിൽ തന്നെയാണ് അദ്ദേഹം. കേരളത്തിലെ കഴിവുറ്റ യുവ താരങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് ശ്രീക്കുട്ടന്റെ സ്ഥാനം. എത്രയും പെട്ടെന്ന് തന്നെ ഐഎസ്എല്ലിലും തുടർന്ന് ഇന്ത്യൻ കുപ്പായത്തിലും ശ്രീക്കുട്ടനെ കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
~ Jumana Haseen K
Leave a reply