ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് ഇനി ആസ്റ്റൺ വില്ല പരിശീലകൻ.

ലിവർപൂളിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളിലൊരാളായ സ്റ്റീവൻ ജെറാർഡിനെ ആസ്റ്റൺ വില്ല പരിശീലകനായി നിയമിച്ചു. അടുത്ത മൂന്നര വർഷത്തേക്കാണ് ആസ്റ്റൺ വില്ല ജെറാർഡിനെ പരിശീലകനായി നിയമിച്ചിരിക്കുന്നത്.

സ്കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിന്റെ പരിശീലകനായിരുന്നു ജെറാർഡ്. പത്തുവർഷത്തിനിടയിൽ റേഞ്ചേഴ്സിനെ ആദ്യമായി സ്കോട്ടിഷ് ചാമ്പ്യന്മാരാക്കാൻ കഴിഞ്ഞ സീസണിൽ ജെറാർഡിന് സാധിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് പരിശീലകനായ ഡീൻ സ്മിത്തുമായുള്ള കരാർ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ആസ്റ്റൺ വില്ല അവസാനിപ്പിച്ചത്. ഇതോടെ ജെറാർഡ് ആസ്റ്റൺ വില്ല പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനാറാം സ്ഥാനത്താണ് ആസ്റ്റൺ വില്ല. നിലവിലെ മോശം ഫോം തുടർന്നാൽ റെലെഗേഷൻ വരെ സംഭവിച്ചേക്കാം എന്ന സ്ഥിതി വന്നപ്പോഴാണ് ടീം പുതിയ പരിശീലകനായി ജെറാർഡിനെ നിയമിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് ദേശിയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച നാലാമത്തെ താരമാണ് ജെറാർഡ്. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ലിവർപൂളിന്റെ ക്യാപ്റ്റനായി എന്ന റെക്കോർഡും ജെറാർഡിന്റെ പേരിലാണ്. ലിവർപൂളിനായി ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ഒൻപത് കിരീടങ്ങൾ നേടിയ താരമാണ് ജെറാർഡ്. തന്റെ പതിനേഴ് വർഷം നീണ്ട ലിവർപൂൾ കരിയറിന് ശേഷം ജെറാർഡ് ഒരു വർഷം അമേരിക്കൻ ടീമായ ഗാലക്സിയിലും പന്തു തട്ടി.

തുടർന്ന് ഫുട്ബോൾ താരമെന്ന കരിയർ അവസാനിപ്പിച്ച ജെറാർഡ് ലിവർപൂൾ അക്കാഡമി ടീമിനെയും, അണ്ടർ 18 ടീമിനെയും പരിശീലിപ്പിച്ച ശേഷമാണ് റേഞ്ചേഴ്സിനെ പരിശീലിപ്പിക്കാൻ സ്കോട്ലാന്റിലേക്ക് എത്തിയത്. 2018 മുതൽ റേഞ്ചേഴ്സ് പരിശീലകനായ ജെറാർഡ് 7 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുകയാണ്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply