ആ ഓഫ്‌സൈഡ് സിഗ്നൽ നൽകിയതാര് ? പ്രസിദ്ധമായ ബ്ലാസ്റ്റേഴ്‌സ് ഓഫ്‌സൈഡ് ട്രാപ്പിന്റെ കഥ എൽകോ പങ്കുവെക്കുന്നു

ഐ.എസ്.എൽ ആറാം സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് – എ.ടി.കെ മത്സരമാണ് രംഗം. മത്സരത്തിന്റെ എഴുപതാം മിനുറ്റിൽ ഹാളിചരൺ നാർസറി നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിൽക്കുന്നു. സീസൺ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനോട് 2-1ന്റെ പരാജയം ഏറ്റു വാങ്ങിയ കൊൽകത്തയ്ക്ക് ഈ മത്സരം വിജയിക്കേണ്ടത് അഭിമാന പ്രശ്നമായിരുന്നു. മത്സരം 90 മിനിറ്റുകൾ പൂർത്തിയായി അഞ്ച് മിനുറ്റിന്റെ ഇഞ്ചുറി ടൈമിലേക്ക് കടന്നു. ഇഞ്ചുറി ടൈമിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച ഫ്രീകിക്ക് ഹാവി ഹെർണാണ്ടസ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ കോട്ടയ്ക്ക് മുകളിലൂടെ ഉയർത്തി ബോക്സിലേക്ക് നൽകുന്നു. ബോൾ സ്വീകരിച്ച പ്രീതം കൊട്ടാൽ ഒട്ടും സമയം കളയാതെ ബോൾ ബ്ലാസ്റ്റേഴ്‌സ് വലയിൽ എത്തിക്കുന്നു. എന്നാൽ അതിനു മുൻപ് തന്നെ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചിരുന്നു. ഹാവി ഹെർണാണ്ടസ് ഫ്രീകിക്ക് എടുക്കുന്ന അതേ സെക്കൻഡിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ താരങ്ങളും പ്രതിരോധ മതിൽ വിട്ട് എതിർ ഭാഗത്തേക്ക് ഓടി മാറുന്നു. ആ ഒരൊറ്റ നീക്കത്തിലൂടെ എ.ടി.കെയുടെ ഏഴോളം താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഓഫ് സൈഡ് ട്രാപ്പിൽ കുടുക്കിയത്. അതോടെ ഗോൾ നിഷേധിക്കപ്പെട്ടു.

ഗോൾ നിഷേധിക്കപെട്ടതോടെ എ.ടി.കെ സ്റ്റാർ സ്‌ട്രൈക്കർ റോയ് കൃഷ്ണയുടെ മുഖ ഭാവവും, ആക്ഷനും പിന്നീട് പല ട്രോളന്മാരുടെയും ഇഷ്ടരംഗമായി മാറി. ഓഫ് സൈഡ് ട്രാപ്പിൽ തന്റെ താരങ്ങൾ ഭൂരിഭാഗവും പെട്ടുപോയതിന്റെ ജാള്യത മറക്കാൻ എ.ടി.കെ കോച്ച് ഹബാസ് എന്നത്തേയും പോലെ ക്ഷുഭിതനായി. ഈ രംഗങ്ങൾ കണ്ടു നിന്ന കാണികളിൽ പലർക്കും ചിരി അടക്കാനായില്ല. എന്താണ് നടന്നതെന്ന് മനസിലാവാതെ ആദ്യമൊന്ന് ശങ്കിച്ചു നിന്ന കമന്ററി ബോക്സിലും പിന്നീട് ചിരി പടർന്നു. ബ്ലാസ്റ്റേഴ്‌സ് കോച്ച് എൽകോ ഷറ്റോറി തന്റെ താരങ്ങളെ പരിശീലിപ്പിച്ച ഈ ഓഫ്‌സൈഡ് ട്രാപ്പ് ഐ.എസ്.എൽ ചരിത്രത്തിലെ തന്നെ മികച്ച മൂഹൂർത്തങ്ങളിൽ ഒന്നാണ്. പല യൂറോപ്യൻ ടീമുകളും മുൻപ് പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രം ഇന്ത്യൻ ഫുട്ബോളിൽ ആദ്യ കാഴ്ചയായിരുന്നു. എന്നാൽ കോച്ചിന്റെ ഈ തന്ത്രം കളിക്കളത്തിൽ നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഓഗ്ബച്ചേക്ക് ആയിരുന്നെന്നും, മറ്റു താരങ്ങൾക്ക് തങ്ങൾ എന്താണ് ചെയ്യാൻ പോവുന്നത് എന്നതിനുള്ള സിഗ്നൽ നൽകിയത് ഓഗ്ബച്ചേ ആണെന്നുമാണ് കോച്ച് എൽകോ ഒരു ആരാധകനുള്ള മറുപടിയായി ട്വിറ്ററിലൂടെ അറിയിച്ചത്.

ഇഞ്ചുറി ടൈമിലും കൊൽകത്തക്ക് ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം 1-0 സ്കോറിന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.

– ✍️എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply