ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ മത്സരത്തിനെത്തിയ ബെംഗളൂരു എഫ്സി താരം സുനിൽ ഛേത്രിക്കെതിരെ ചാന്റ് ചെയ്തതിന് മുംബൈ സിറ്റി ആരാധകർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ബെംഗളൂരു എഫ്സി ടീം ഉടമ പാർഥ് ജിൻഡാൽ. ആർക്കെതിരെയാണ് നിങ്ങൾ ചാന്റ് ചെയ്യുന്നതെന്ന് അറിയുമോയെന്ന് ബെംഗളൂരു എഫ്സി ഉടമ മുംബൈ ആരാധകരോടു ചോദിച്ചു. ‘നിങ്ങളുടെ ക്ലബും, രാജ്യത്തെ ഏത് ക്ലബും ചെയ്യുന്നതിലും മഹത്തായ കാര്യങ്ങളാണ് ആ ഒരു മനുഷ്യൻ ഇന്ത്യൻ ഫുട്ബോളിനായി ചെയ്തത്.’’– ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.
‘‘അദ്ദേഹം ഒരു ഇതിഹാസമാണ്, എല്ലാ ഫുട്ബോൾ ആരാധകരുടേയും ബഹുമാനം അദ്ദേഹം അർഹിക്കുന്നുണ്ട്.’’– ജിന്‍ഡാൽ പ്രതികരിച്ചു. സെമി ഫൈനൽ മത്സരത്തിനായി സുനിൽ ഛേത്രി മുംബൈയിലെത്തിയപ്പോഴാണ് മുംബൈ ആരാധകർ ഛേത്രിക്കെതിരെ ചാന്റ് ചെയ്തത്. എങ്കിലും സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ ബെംഗളൂരു എഫ്സി തന്നെ വിജയിച്ചു. 78–ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഹെഡർ ഗോളിലാണു ബെംഗളൂരു മുന്നിലെത്തിയത്. പകരക്കാരനായി ഇറങ്ങി ഇരുപത് മിനിറ്റിനകമാണ് ഛേത്രി ലക്ഷ്യം കണ്ടത്. കളിയിൽ 67 ശതമാനം നേരത്തും പന്ത് കാൽക്കലുണ്ടായിട്ടും ബെംഗളൂരുവിന്റെ പോസ്റ്റിലേക്ക് 3 ഷോട്ടുകൾ നേടാനേ മുംബൈക്കു സാധിച്ചുള്ളൂ. ബെംഗളൂരുവാകട്ടെ 7 ഷോട്ടുകൾ നേടി.
മുംബൈയുടെ നീക്കങ്ങളെ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു പ്രതിരോധനിര ഫലപ്രദമായി ബ്ലോക്ക് ചെയ്തു. ജിങ്കാൻ കളിയിൽ 11 ക്ലിയറൻസുകളാണു നടത്തിയത്. ബെംഗളൂരു ഗോളി ഗുർപ്രീതിന്റെ പരിചയസമ്പത്തോടെയുള്ള ഇടപെടലുകളും അവർക്കു തുണയായി. 12ന് ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണു സെമിഫൈനലിലെ രണ്ടാം പാദമത്സരം.
Leave a reply