വിവാദങ്ങളില്‍ മറുപടിയുമായി ഛേത്രി, എല്ലാം ലൂണയ്ക്ക് അറിയാമായിരുന്നു.

ഐഎസ്എല്‍ നോക്കൗട്ടില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍ക്കാണ് ഇന്നലെ ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടുന്നതിനിടെ പെട്ടെന്ന് എടുത്ത ഫ്രീകിക്കിലൂടെ സുനില്‍ ഛേത്രി മത്സരത്തില്‍ ബെംഗളൂരുവിനെ മുന്നിലെത്തിക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് ബ്ലാസ്റ്റേഴ്സും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും വാദിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിന് പിന്നാലെ തന്‍റെ കളിക്കാരെ മടക്കിവിളിച്ച് ഇവാനും സംഘവും മത്സരം പൂർത്തിയാകാതെ കളംവിടുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോളിലെ ഹീറോയായ സുനില്‍ ഛേത്രി സീറോയായി മാറി ഇന്നലത്തെ വിവാദ ഗോളോടെ എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അദേഹത്തിന്‍റെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കാം.

‘എനിക്ക് ഫ്രീ കിക്ക് ലഭിച്ചു, ഓപ്പണിംഗ് കണ്ടു, അതിലൂടെ ഗോളടിച്ചു.കിക്കെടുക്കാന്‍ വിസിലോ പ്രതിരോധ കോട്ടയോ ആവശ്യമില്ലെന്ന് റഫറി ക്രിസ്റ്റല്‍ ജോണ്‍ പറഞ്ഞു. ഉറപ്പാണോ എന്ന് റഫറിയോട് ഞാന്‍ ചോദിച്ചു. ഇത് അഡ്രിയാന്‍ ലൂണ കേട്ടതാണ്. അതുകൊണ്ടാണ് അദേഹം ആദ്യം ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചത്. മത്സരം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടത് മോശമായിപ്പോയി’ എന്നും സുനില്‍ ഛേത്രി മത്സര ശേഷം പറഞ്ഞു. വിവാദ ഗോളില്‍ ബെംഗളൂരു എഫ്സിയെ സെമിയിലെത്തിച്ച സുനില്‍ ഛേത്രി തന്നെയായിരുന്നു മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടു. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റിലായിരുന്നു നാടകീയ ഗോള്‍ സുനില്‍ ഛേത്രിയുടെ കാലുകളില്‍ പിറന്നത്. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തില്‍ പന്ത് ചിപ് ചെയ്ത് വലയിലിടുകയായിരുന്നു ഛേത്രി. കിക്കെടുക്കും മുമ്പ് റഫറി വിസില്‍ വിളിച്ചിരുന്നോ എന്ന് വ്യക്തമല്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടത്. പിന്നാലെ മാച്ച് കമ്മീഷണർ മൈതാനത്തെത്തി റഫറിമാരുമായി സംസാരിച്ച ശേഷം ഇത് ഗോളെന്ന് തന്നെ ഉറപ്പിക്കുകയും ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ജയത്തോടെ ബെംഗളൂരു സെമിയില്‍ എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് പുറത്തായി.

What’s your Reaction?
+1
2
+1
0
+1
0
+1
0
+1
1
+1
2
+1
6

Leave a reply