”അവനൊരിക്കല്‍ നിങ്ങളുടെ ടീമില്‍ കളിക്കും..” The life story of Marco Asensio

2016 ആഗസ്റ്റ് 09.
യുവേഫ സൂപ്പര്‍ കപ്പില്‍ റയല്‍ മഡ്രിഡും സെവിയ്യയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുന്നു.റയല്‍ അക്രമണത്തിന്റെ കുന്തമുനയായ ക്രിസ്‌റ്റ്യാനോ അടക്കം പലരും മത്സരത്തിനുണ്ടാകില്ലെന്നത് തെല്ലൊന്നുമല്ല റയല്‍ പരിശീലകന്‍ സിദാനെ അലട്ടുന്നത്.സീസണിന്റെ തുടക്കത്തില്‍ കിരീടം നേടിക്കൊണ്ട് തുടങ്ങാമെന്ന സിദാന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ പോലെ.മറുവശത്ത് സെവിയ്യ അത്ര ദുര്‍ബലരുമല്ല.
മത്സരത്തിന്റെ ആദ്യ ഇലവന്‍ പുറത്ത് വന്നപ്പോള്‍ ആരാധകരില്‍ പലരും  നിരാശരായി.സാക്ഷാല്‍ റൊണാള്‍ഡോയുടെ പൊസിഷനില്‍ സിദാന്‍ ഇറക്കിയിരിക്കുന്നത് വലിയ മത്സരങ്ങള്‍ കളിച്ച് പരിചയം പോലുമില്ലാത്ത ഒരു യുവ താരത്തെ.!റൊണാള്‍ഡോയുടെ വിടവ് നികത്താന്‍ അയാള്‍ക്ക് സാധിക്കുമോയെന്നത് ചോദ്യചിഹ്നമായിരുന്നു.
മത്സരം തുടങ്ങി…ഇരുടീമുകളും ഗോളടിക്കാന്‍ പരസ്പരം ഗോള്‍മുഖത്തേക്ക് ആര്‍ത്തിരമ്പി.

21ാം മിനിറ്റ്..!
സെവിയ്യയുടെ പ്രതിരോധ മതിലിന് മുകളിലുടെ 25 യാര്‍ഡ് അകലെ നിന്നും ഉയര്‍ന്ന് പൊന്തിയ പന്ത് സ്പാനിഷുകാരന്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോയെ കാഴ്ച്ചക്കാരനാക്കി വല ചുംബിച്ചു..
സ്വിറ്റ്സര്‍ലാന്റിലെ Lerkendal Stadion യിലെ സ്ക്രീനില്‍ ആ പേര് തെളിഞ്ഞു..

ജഴ്സി നമ്പര്‍ 28_ മാര്‍ക്കോ അസെന്‍സിയോ.!

മത്സരം കര്‍വഹാളിന്റെ ഗോളില്‍ 3-2ന് ജയിച്ച് റയല്‍ കിരീടം സ്വന്തം ഷെല്‍ഫിലെത്തിച്ചു.
2-1ന് പിന്നില്‍ നിന്ന മത്സരം സമനിലയിലാക്കിയ റാമോസ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി തിരെഞ്ഞെടുക്കപ്പെട്ടെങ്കിലും റയലിലേക്കുള്ള തന്റെ മടങ്ങി വരവ് അവിസ്മരണീയമാക്കിയ ആഹ്ലാദത്തിലായിരുന്നു അസെന്‍സിയോ.

1996 ജനുവരി 21ന് സ്പെയിനിലെ പാല്‍മയിലാണ് മാര്‍ക്കോ ജനിക്കുന്നത്.
അഛന്‍ സ്പാനിഷുകരന്‍ ഗില്‍ബര്‍ട്ടോ അസെന്‍സിയോയും അമ്മ ഡച്ചുകാരി മരിയയും ആയിരുന്നു.

കുട്ടിക്കാലത്ത് ആദ്യമായി ഗിഫ്റ്റ് കിട്ടിയ ഫുട്ബോളാണ് മാര്‍ക്കോയുടെ ഫുട്ബോള്‍ താരമാകണമെന്ന സ്വപ്നത്തിന്റെ തുടക്കം.പക്ഷെ അത് ഹൃദയത്തിന്റെ ആഴത്തില്‍ പതിപ്പിച്ചത് റയല്‍ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെ കണ്ടത് മുതലായിരുന്നു.

” ഒരു ദിവസം ഞാനും അമ്മയും  പുറത്ത് പോയപ്പോള്‍ ഞങ്ങള്‍ ഒരു ബോട്ട് കണ്ടു.
ഫ്ലോറന്റീനോ പെരസിന്റേതാണ് ആ ബോട്ടെന്ന് അറിഞ്ഞപ്പോള്‍ ഞാനും അമ്മയും വേഗം  അതിനടുത്തേക്ക്  പോയി. ഒരു ഫോട്ടോ എടുക്കട്ടേയെന്ന് അമ്മ ചോദിക്കുകയും ഞങ്ങള്‍ അദ്ധേഹത്തോടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
ശേഷം അമ്മ പെരസിനോട് പറഞ്ഞു..
” ഇവന്‍ മാര്‍ക്കോ..എന്റെ മകനാണ്..ഒരിക്കല്‍ ഇവന്‍ നിങ്ങളുടെ റയല്‍ മഡ്രിഡിന് വേണ്ടി പന്ത് തട്ടും.!!”

 

*******

ഒരു ശീത കാലം..
എന്റെ ഏജന്റ് എന്റടുക്കല്‍ വന്ന് പറഞ്ഞു : നിന്നെ ടീമിലെടുക്കാന്‍ റയല്‍ താല്‍പര്യപ്പെടുന്നുണ്ട്.
അതിന് മുമ്പ് ഒരുപാട് ടീമുകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നെങ്കിലും ഈ ഒരു അവസരത്തിനായിരുന്നു താന്‍ കാത്തിരുന്നത്.
പിന്നീട് നടന്നത് മാര്‍ക്കോയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു..
റയലിന്റെ സാന്റിയാണോ ബെര്‍ണബ്യൂവില്‍ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ കയ്യില്‍ നിന്നും ആ തൂവെള്ള ജഴ്സി വാങ്ങുമ്പോള്‍ മാര്‍കോയുടെ കണ്ണുകള്‍ നിറഞ്ഞു..
ആ സന്തോഷ മുഹൂര്‍ത്തം കണ്‍നിറഞ്ഞ് കാണാന്‍ അമ്മ മാര്‍കോയുടെ കൂടെയുണ്ടായിരുന്നില്ല.പതിനഞ്ചാം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് അവര്‍ വിടവാങ്ങിയിരുന്നു..

റയലിനൊപ്പം 2 ചാംപ്യന്‍സ് ലീഗ് കിരീടമടക്കം 10 കിരീടങ്ങളാണ് മാര്‍ക്കോ തന്റെ ചെറിയ പ്രായത്തില്‍ തന്നെ നേടിയത്.അതിലപ്പുറം ഒരുപാട് മനോഹരമായ ഗോളുകള്‍ കൊണ്ട് തൂവെള്ള ജഴ്സിയില്‍ അയാള്‍ മഡ്രിഡിസ്റ്റകളുടെ ഹൃദയം നിറക്കുകയാണ്…

Haris Malayil

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply