മത്സരം ഉപേക്ഷിച്ചെങ്കിലും ബ്രസീലിന് തിരിച്ചടിക്ക് സാദ്ധ്യത

ബ്രസീൽ അർജന്റീന ലോക കപ്പ്‌ യോഗ്യതാ മത്സരം ബ്രസീലിന്റെ ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടത് വാർത്തയായിരുന്നു. അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ട്രോളുകളിലൂടെ നടക്കുന്ന പൊരിഞ്ഞ പോരാട്ടം കേരളത്തിലും കേട്ടടങ്ങിയിട്ടില്ല.

എന്നാൽ ബ്രസീലിനെ സംബന്ധിച്ച് ഇപ്പോൾ നിരാശ നല്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മത്സരം നിയന്ത്രിച്ച റഫറിയുടേയും മാച്ച് കമ്മീഷണറുടേയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അർജന്റീനക്ക്‌ മൂന്ന് പോയിന്റ് ലഭിക്കുമെന്നാണ് സൂചനകൾ. ഫിഫയുടെ അച്ചടക്ക സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീന താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്, എമിലിയാനോ ബ്യൂൻഡിയ, ക്രിസ്റ്റ്യന്‍ റൊമേരോ, ലോ സെല്‍സോ എന്നിവര്‍ ക്വാറന്റെയ്ന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് മത്സരം ആരംഭിച്ച് ഏഴാം മിനിറ്റില്‍ ബ്രസീല്‍ ആരോഗ്യവിഭാഗം അധികൃതര്‍ കളത്തിലെത്തി മത്സരം തടസ്സപ്പെടുത്തിയത്. ഈ താരങ്ങൾ ഉള്‍പ്പെട്ട ലൈനപ്പ് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അധികൃതര്‍ ഇടപെട്ടിരുന്നില്ല.

മത്സരം ഉപേക്ഷിക്കപ്പെട്ടത്തോടെ ബൊളീവിയക്കെതിരെ പത്താം തീയതി നടക്കുന്ന മത്സരത്തിനായി അർജന്റീന ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർച്ചയായ ഇരുപത്തിയൊന്ന് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബ്രസീലിനെ നേരിടാൻ അർജന്റീന കളത്തിലിറങ്ങിയത്. കോപ്പ അമേരിക്ക ഫൈനലിലേറ്റ തോൽവിക്ക് മധുര പ്രതികാരം നടത്തുമെന്ന് ബ്രസീൽ ആരാധകർ പ്രതീക്ഷിച്ചിരുന്നു. ആരാധകർ ആകാംശയോടെ കാത്തിരുന്ന അത്യന്തം ആവേശകരമായൊരു സൂപ്പർ ക്ലാസിക്കോ മത്സരമാണ് ആരോഗ്യവിഭാഗം അധികൃതരുടെ തെറ്റായ ഇടപെടൽ മൂലം ഉപേക്ഷിക്കപ്പെട്ടത്.

✍️ JIA

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply