ISL എട്ടാം സീസണിനായി തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും മൂന്നോളം താരങ്ങൾ പുറത്തേക്കെന്ന് സൂചന. വിങ്ങർമാരായ സെയ്ത്യാസെൻ സിംഗ്, മഹേഷ് നോറം, മുന്നേറ്റനിര താരമായ ശുഭ ഘോഷ് എന്നിവരാണ് ടീം വിടാൻ തയ്യാറെടുക്കുന്നത്. നിലവിൽ ടീമുമായി കരാറുള്ള താരങ്ങൾ ലോണിലോ പരസ്പര ധാരണയോടെയോ ടീം വിടാനാണ് സാധ്യത. ടീമിലെ മലയാളി താരം അബ്ദുൽ ഹക്കു ലോണിൽ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ചു കേരളാ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ഹക്കുവിന് താല്പര്യം. കൊച്ചിയിൽ പരിശീലനം തുടരുന്ന കേരളാ ബ്ലാസ്റ്റേഴ്സിൽ ക്യാമ്പിൽ നിന്നും ഒരു ഗോൾകീപ്പറും ടീം വിടാൻ സാധ്യതയുണ്ട്. നിലവിൽ ISL ലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ അൽബിനോ ഗോമസിന് പുറമെ ബിലാൽ ഖാൻ, സുഖൻ ഗിൽ, സച്ചിൻ സുരേഷ്, മുഹീത് എന്നിവരാണ് ടീമിന്റെ ഭാഗമായുള്ളത്.
കേരളാ യുണൈറ്റഡുമായി നടന്ന സൗഹൃദമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിലെ ഒട്ടുമിക്ക താരങ്ങൾക്കും അവസരം ലഭിച്ചിരുന്നു. പരിക്കുമൂലം ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന ഗോൾകീപ്പർ മുഹീതിനും നേപ്പാളിനെതിരെയുള്ള സന്നാഹമത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരങ്ങളായ രാഹുൽ കെ. പി , സഹൽ അബ്ദുൽ സമദ്, ജീക്സൺ സിംഗ് എന്നിവർക്കും പരിശീലനമത്സരം നഷ്ടമായിരുന്നു. സെപ്തംബർ ആദ്യവാരം തുടങ്ങുന്ന ഡ്യുറൻഡ് കപ്പിനായി തയ്യാറെടുക്കുന്ന ടീമിന് രാഹുൽ കെ. പി ക്യാമ്പിൽ തിരിച്ചെത്തിയത് ആശ്വാസം നൽകുന്ന വാർത്തയാണ്.
Leave a reply