സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് പ്രതിരോധതാരം റാഫേൽ വരാനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 2022 വരെ റയലുമായി കരാറുള്ള ഫ്രഞ്ച് സെന്റർ ബാക്കായ താരം നേരത്തെ തന്നെ റയൽ വിടാൻ താൽപര്യം പ്രകടിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ വരാനെ നിലനിറുത്താനാണ് റയൽ ശ്രമിക്കുന്നത്.
യുണൈറ്റഡ് പ്രതിരോധത്തിൽ ഹാരി മഗ്വയറിന് പങ്കാളിയായി ഒരു സെന്റര്‍ ബാക്കിനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വരാനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. യുണൈറ്റഡിന്റെ ഡിഫന്‍സീവ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാറാൻ പരിചയ സമ്പത്തും ഒപ്പം വേഗതയുമുള്ള വരാനെ കൊണ്ടുവരുന്നതിലൂടെ സാധിക്കുമെന്നാണ് ഒലെയും കരുതുന്നത്.
റയലിന്റെ സ്പാനിഷ് സൂപ്പർ പ്രതിരോധ താരവും ക്യാപ്റ്റനുമായ സെർജിയോ റാമോസിന്റെ കരാർ പുതുക്കുന്ന കാര്യത്തിലും റയലിൽ ആശങ്ക തുടരുന്നുണ്ട്. ഇതുവരെ പുതിയ കരാറിന്റെ കാര്യത്തിൽ റാമോസും റയലും തമ്മിൽ ധാരണായയില്ല. അതിനാൽ റാമോസ് അടുത്ത സീസണിൽ റയലിലുണ്ടാകില്ലെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. റാമോസും വരാനും ഒന്നിച്ച് ക്ലബ് വിടുകയാണെങ്കിൽ റയൽ വരും സീസണിൽ പുതിയ സെന്റർബാക്ക് സഖ്യത്തെ കണ്ടെത്തേണ്ടിവരും എന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ വരാനെ സ്വന്തമാക്കുക അത്ര എളുപ്പമാകില്ല.
Leave a reply