ഇന്ത്യയിൽ ആരാധക ഉടമസ്ഥതിയിലുള്ള ആദ്യത്തെ ഫുട്ബോൾ ക്ലബ്ബായ ട്രാവൻകൂർ റോയൽസ് സ്കോട്ലാൻഡ് ക്ലബ്ബായ കലഡോണിയൻ ബ്രെവ്സ് എഫ്.സിയുമായി ഒന്നിക്കാൻ സാധ്യത തെളിയുന്നു. ട്രാവൻകൂർ റോയൽസിന്റെ അതേ മാതൃകയിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് കലഡോണിയൻ ബ്രെവ്സ് എഫ്.സിയും. ആരാധകരുടെ ഉടമസ്ഥതയിലാണ് കലഡോണിയൻ ബ്രെവ്സ് എഫ്.സിയുടെയും പ്രവർത്തനം. 35 രാജ്യങ്ങളിൽ നിന്നായി 2800ഓളം വരുന്ന അംഗങ്ങളാണ് കലഡോണിയൻ ബ്രെവ്സ് എഫ്.സിയുടെ അടിത്തറ.
ഇരു ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പാർട്ട്നെർഷിപ്പ് ശ്രമം. പാർട്ട്നെർഷിപ്പ് സാധ്യമായാൽ രണ്ട് രാജ്യങ്ങളിലുമായി കളിക്കാരുടെയും, കോച്ചുമാരുടെയും പരിശീലനം, ബിസിനസ്സ്, മാർക്കറ്റിംഗ്, ഫാൻ എൻഗേജ്മെന്റ് പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഇരു ടീമുകളും കൈകോർക്കുക.
പാർട്ട്നെർഷിപ്പിനെ കുറിച്ച് കലഡോണിയൻ ബ്രെവ്സ് തങ്ങളുടെ വെബ്സൈറ്റിൽ വോട്ടിംഗ് നടത്തുന്നുണ്ട്. ആരാധകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് പാർട്ട്നെർഷിപ്പ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത്.
https://www.caledonianbraves.com/news/travancore-royals-fc-partnership-oppertunity
2011ൽ സ്കോട്ലാൻഡിൽ രൂപീകൃതമായ എഡുസ്പോർട്സ് അക്കാഡമിയുടെ ടീമാണ് കലഡോണിയൻ ബ്രെവ്സ് എഫ്.സി. 2019ലാണ് എഡുസ്പോർട്സ് അക്കാഡമി ടീമിനെ കലഡോണിയൻ ബ്രെവ്സ് എഫ്.സി എന്ന പേരിലേക്ക് മാറ്റുന്നത്. സ്കോട്ടിഷ് ഫുട്ബോളിന്റെ അഞ്ചാം ഡിവിഷൻ ലീഗായ ലോലാൻഡ് ഫുട്ബോൾ ലീഗിലാണ് കലഡോണിയൻ ബ്രെവ്സ് എഫ്.സി മത്സരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ടീമാണ് കലഡോണിയൻ ബ്രെവ്സ്. സൗത്ത് ഓഫ് സ്കോട്ലാൻഡ് ലീഗ്, ട്വീഡി കപ്പ്, ഹൈഗ് ഗോർഡൻ കപ്പ്, ക്രി ലോഡ്ജ് കപ്പ് എന്നിവയ്ക്ക് പുറമെ രണ്ട് തവണ സൗത്ത് ഓഫ് സ്കോട്ലാൻഡ് ലീഗ് കപ്പും കലഡോണിയൻ ബ്രെവ്സ് നേടിയിട്ടുണ്ട്.
✍? എസ്.കെ.
Leave a reply